തൃശൂർ: കിഴക്കുംപാട്ടുകര കുമ്മാട്ടിയിൽ ഹാട്രിക് നേട്ടവുമായി ഒരു വനിതാ കുമ്മാട്ടി.
പേരോത്ത് വീട്ടിൽ സബിതയാണ് തുടർച്ചയായി മൂന്നാംവർഷവും കുമ്മാട്ടിയുടെ ഭാഗമായത്. കുട്ടിക്കാലംമുതൽക്കേ കണ്ടുപരിചയിച്ച ഈ ഓണാഘോഷത്തിൽ ഒരിക്കലെങ്കിലും വേഷമണിയണമെന്ന സ്വപ്നത്തിനു പിന്തുണയായി മക്കളും കുടുംബവും നിന്നതോടെയാണ് മണിക്കൂറുകൾനീളുന്ന ഈ ആഘോഷത്തിൽ ഇത്തവണയും വരാൻ തനിക്കായതെന്ന് സബിത പറഞ്ഞു. ജോലിത്തിരക്കുകൾക്കിടയിലും ഇത്തവണയും കുമ്മാട്ടിവേഷമണിയുകയായിരുന്നു.
ആദ്യതവണ കുമ്മാട്ടിയിലേക്കു വരുന്പോൾ ഉണ്ടായിരുന്നത് ആകാംക്ഷയായിരുന്നുവെങ്കിൽ ഇപ്പോഴത് അഭിമാനമാണെന്നും കൂടുതൽ വനിതകൾ ഈ ആഘോഷക്കൂട്ടായ്മയിലേക്കു കടന്നുവരണമെന്നും അവർ പറഞ്ഞു. ടെലികോളർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സബിത ഓണത്തിനുമുൻപേ കുമ്മാട്ടിക്കായി ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. മക്കളായ അർജുനും നിരഞ്ജനും കുമ്മാട്ടിസംഘത്തിന്റെ സംഘാടകരായി മുൻനിരയിലുണ്ട്. അനുജൻ അജീഷും അമ്മാവൻ സുനിയും കുടുംബത്തിലെ പുതുതലമുറക്കാരുംചേർന്ന് ഒരുമണിക്കൂർ സമയമെടുത്താണ് സബിതയെ ഈ വർഷം കുമ്മാട്ടിവേഷം അണിയിച്ചത്.