തകർത്താടി കുമ്മാട്ടി...
1453977
Wednesday, September 18, 2024 1:28 AM IST
തൃശൂർ: കൊടുന്പിരികൊണ്ട ഓണച്ചൂടിനെ പർപ്പടകപ്പുല്ലിന്റെ ശീതളിമയിൽ പൊതിഞ്ഞ് കുമ്മാട്ടിക്കൂട്ടങ്ങൾ. ഒഴുകിയെത്തിയത് ആയിരങ്ങൾ. ആഘോഷത്തിലാറാടി കിഴക്കുംപാട്ടുകര വടക്കുംമുറിയുടെ കുമ്മാട്ടി മഹോത്സവം. തലമുറകൾ തായ്വഴികളിലൂടെ തലമുറകളിലേക്ക് കൈമാറിയ വിശ്വാസവും ആഘോഷവും കൂട്ടിയിണക്കി 76 -ാം വർഷത്തെ വരവേറ്റ ഈ കുമ്മാട്ടിക്കൂട്ടങ്ങൾ ഓണവെയിലിന്റെ ഓളങ്ങളിൽ താളംകൊട്ടി ചുവടുവച്ചപ്പോൾ വഴിയോരങ്ങളിൽ ആവേശക്കടലായി.
പനംമുക്കുംപിള്ളി ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്നു താളമേളങ്ങളോടെ ഊരുചുറ്റാൻ ഇറങ്ങിയ കാട്ടാളൻ, തള്ള, ഹനുമാൻ, ഗണപതി, കൃഷ്ണൻ കുമ്മാട്ടികൾക്കൊപ്പം കുതിരപ്പുറമേറി മാവേലിയും ഒപ്പം ദശമൂലം ദാമുവും രമണനും ഷാജിപ്പാപ്പനും അടക്കമുള്ള സിനിമയിലെ ഹാസ്യകഥാപാത്രങ്ങളും തെയ്യവും തിറയും പ്രച്ഛന്നവേഷങ്ങളും കൂടി. മയൂരനൃത്തവും ദേവനൃത്തവും നാടൻകലാ രൂപങ്ങളും നിറഞ്ഞ് തൃശൂരിന്റെ ഓണാഘോഷത്തെ വർണശബളമായ ചടങ്ങുകളുടെ സംഗമഭൂമിയാക്കിയാണ് മഹോത്സവം അരങ്ങേറിയത്. എസ്എൻഎ ഒൗഷധശാല വേട്ടയ്ക്കൊരുമകൻ ക്ഷേത്രപരിസരത്തോടു കൂടി സഞ്ചരിച്ച് തോപ്പ് സ്റ്റേഡിയത്തിൽ പ്രവേശിച്ച കുമ്മാട്ടികൾ രാത്രിയോടെ ഘോഷയാത്രയായി തിരികെ ശാസ്താകോർണറിലെത്തിയാണ് സമാപിച്ചത്.
എടക്കുന്നി കുമ്മാട്ടി, ചേർപ്പ് കുമ്മാട്ടി കരിക്കുളം ദേശം, സമനീയ കലാവേദി കിഴക്കുംപാട്ടുകര, അയ്യപ്പൻകാവ് ദേശം കുമ്മാട്ടി വടൂക്കര തുടങ്ങിയ വിഭാഗങ്ങളുടെ കുമ്മാട്ടിയും ഇന്നലെ ഗ്രാമവീഥികൾ കീഴടക്കിയാണ് അരങ്ങേറിയത്.