ഓണനിറങ്ങൾ ചാലിച്ചെടുത്ത് പുലിമടകൾ
1453788
Tuesday, September 17, 2024 1:51 AM IST
സി.ജി. ജിജാസൽ
തൃശൂർ: കത്തിച്ചുവച്ച നിലവിളക്കിനുമുന്നിൽ തേങ്ങ എറിഞ്ഞുടച്ചശേഷം പ്രാർഥനയും ആർപ്പുവിളികളും.
പുലിമടകളിൽ നിരത്തിവച്ച അമ്മിക്കല്ല് തൊട്ടുവണങ്ങി ചായക്കൂട്ടുകൾ ചാലിച്ച് പുലിക്കളി സംഘങ്ങൾ. അമ്മിക്കല്ലിനു മുകളിലിട്ട ടെംപറ പൊടിയിൽ ക്ലിയർ വാർണീഷ് ചേർത്താണ് ചായക്കൂട്ടുകൾ ഒരുക്കുന്നത്. ആദ്യം വെളുപ്പ്, പിന്നെ മഞ്ഞ, ശേഷം ഗോൾഡൻ മഞ്ഞ... തുടർന്ന് കടുംനിറങ്ങൾ ഒന്നൊന്നായി ചാലിച്ചെടുക്കും. അമ്മിക്കല്ലിൽ ചായം അരക്കുന്പോൾ മറുതലയ്ക്കൽ അവ സൂക്ഷ്മമായി കോരിയെടുത്ത് വീണ്ടും അമ്മിക്കല്ലിൽ വയ്ക്കാനും ആളുകൾ സദാസമയം ഉണ്ടാകും. ഓരോ തവണയും 15 പേരടങ്ങുന്ന സംഘമാണ് ചായക്കൂട്ടുകൾ ഒരുക്കാൻ ഇരിക്കുന്നത്.
പണ്ടു പുലികളിക്കായി പെയിന്റ് ഉപയോഗിക്കുന്പോൾ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ ഇത്തരത്തിൽ അരച്ചെടുക്കുന്ന ചായത്തിനില്ലെന്നത് പുലികളെ സംബന്ധിച്ച് ഏറെ ആശ്വാസമാണ്. കണ്ണിമചിമ്മാതെ ഓരോനിമിഷവും വളരെ ശ്രദ്ധയോടെയാണ് സംഘങ്ങൾ നിറക്കൂട്ടുകൾ ഒരുക്കുന്നത്.
മറ്റുപെയിന്റുകളെപ്പോലെ ശരീരത്തിലെ വിയർപ്പുഗ്രന്ഥികളെ മൂടാത്ത ഇത്തരം ചായക്കൂട്ടുകൾ പുലികൾക്ക് ശരീരത്തിനു തണുപ്പ് നൽകുമെന്ന് സംഘാംഗങ്ങൾ പറയുന്നു. പൊതുവേ കടുംമഞ്ഞ, കറുപ്പ് നിറങ്ങളാണ് പുലികൾക്കായി കൂടുതൽ ഉപയോഗിക്കാറുള്ളത്. എന്നാൽ ഓരോവർഷം പിന്നിടുന്പോഴും വർണവൈവിധ്യങ്ങൾ നിറയുന്ന പുലികളാണ് മടകളിൽനിന്നു പുറത്തിറങ്ങുന്നത്. പുലികളുടെ വരയിലും പ്രത്യേകതയുണ്ട്.
പുള്ളിപ്പുലിയെ വരയ്ക്കുന്പോൾ പിൻഭാഗത്തുനിന്ന് വലിയ പുള്ളിയിൽ തുടങ്ങി വയറിലെത്തുന്പോൾ ചെറിയ വരയിൽ അവസാനിക്കും. വരയൻ പുലിക്ക് ആറുതരം വരകളാണ് പൊതുവെ ഉണ്ടാകാറുള്ളത്.
ഇതിൽ പട്ടവരകൾ മുതൽ സീബ്രാ ലൈനുകൾ വരെയാണ് ഉണ്ടാകും. ചായക്കൂട്ടുകളുടെ ഒരുക്കൽ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി നിരവധിപേരാണ് പുലിമടകളിൽ എത്തുന്നത്.