പീച്ചി ഡാം മാനേജ്മെന്റ്: സർക്കാരിനോട് ഹൈക്കോടതി വിശദീകരണംതേടി
1453129
Saturday, September 14, 2024 12:18 AM IST
തൃശൂർ: പീച്ചി ഡാം മാനേജ്മെന്റിലെ വീഴ്ചയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ സർക്കാരിനോടും ഉദ്യേഗസ്ഥരോടും വിശദീകരണംതേടി ഹൈക്കോടതി.
അണക്കെട്ടിന്റെ ഷട്ടറുകൾ 72 ഇഞ്ച് തുറന്നതാണ് വൻനാശനഷ്ടത്തിന് ഇടയാക്കിയത്. ഡാം മാനേജ് ചെയ്തവരുടെ വീഴ്ചയാണ് തൃശൂർ ജില്ലയിലെ പ്രളയത്തിനു കാരണമെന്നും ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, എൽവിൻ തോമസ്, ടി.കെ. ഗീത എന്നിവർ അഡ്വ. കെ.ബി. ഗംഗേഷ് മുഖാന്തിരം നൽകിയ ഹർജിയിലാണ് കോടതിനടപടി. സംസ്ഥാന സർക്കാർ, ഹോം ആൻഡ് വാട്ടർ റിസോഴ്സ് വകുപ്പ്, ഇറിഗേഷൻ ചീഫ് എൻജിനീയർ, ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ, ഹെഡ് വർക്സ് സെക്ഷൻ അസി. എൻജിനീയർ, റവന്യൂ വകുപ്പ്, ദുരന്തരനിവാരണ അഥോറിറ്റി, ജില്ലാ കളക്ടർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയത്.
പീച്ചി എസ്ഐക്കും ഡിജിപിക്കും നൽകിയ പരാതിയിലും ഷാജി ജെ. കോടങ്കണ്ടത്തിന്റെ മൊഴിയെടുത്തു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ കളക്ടറോടു ഡിസാസ്റ്റർ മാനേജ്മെന്റ് നിയമപ്രകാരം നടപടിയെടുക്കാൻ ആവശ്യപ്പെട്ടും പരാതി നൽകിയിട്ടുണ്ട്.