ജനറൽ ആശുപത്രിയിൽ പുതിയ നാലു ഡയാലിസിസ് മെഷീനുകൾ
1453128
Saturday, September 14, 2024 12:18 AM IST
തൃശൂര്‍: ഭൂരിഭാഗം മെഷീനുകളും പ്രവർത്തനരഹിതമായതോടെ ഡയാലിസിസുകൾ വെട്ടിക്കുറച്ച തൃശൂർ ജനറൽ ആശുപത്രിയിൽ പുതിയതായി നാലു ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു.
പുതിയ രണ്ടു ഷിഫ്റ്റുകൾകൂടി ഉള്‍പ്പെടുത്തി. ഇതുവരെ 40 പേര്‍ക്കു ലഭിച്ചിരുന്ന സേവനം ഇനിമുതൽ 80 പേര്‍ക്കു ലഭിക്കുന്നവിധത്തിലാണു സജ്ജീകരണങ്ങൾ. 30 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീനുകൾ വാങ്ങിയത്.
പത്തു ഡയാലിസിസ് മെഷീന് ഉപയോഗിച്ചാണ് ഇതുവരെ 40 പേര്‍ക്കു ഡയാലിസിസ് നല്‍കിയിരുന്നത്. ഇതില്‍ നാലു മെഷീന് പ്രവര്‍ത്തനരഹിതമായതോടെ ആഴ്ചയിൽ രണ്ടുംമൂന്നും ഡയാലിസിസ് ചെയ്യേണ്ടവർക്ക് ഒന്നുംരണ്ടുമായി വെട്ടിക്കുറച്ചിരുന്നു.
ഇതോടെ രോഗികളും ബന്ധുക്കളും ജനറൽ ആശുപത്രിയിൽ ഉപരോധസമരം നടത്തിയിരുന്നു.
ജില്ലയുടെ വിവിധ ഇടങ്ങളിൽനിന്നുള്ള 34 പേരാണ് ജനറൽ ആശുപത്രിയിൽ ഡയാലിസിസിനു വിധേയമായിരുന്നത്. സമരം ശക്തമായതോടെ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ സ്ഥലത്തെത്തി ചർച്ച നടത്തി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വാങ്ങിയ മെഷീനുകൾ ഉടൻ എത്തിക്കുമെന്ന് ഉറപ്പുനല്കിയതോടെയാണു സമരക്കാർ പിൻവാങ്ങിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിദിനം നൂറുപേർക്കു സൗജന്യ ഡയാലിസിസ് നല്കുന്ന പദ്ധതി ശക്തനില്‍ ഒരുങ്ങുന്നതായി മേയർ എം.കെ. വർഗീസ് അറിയിച്ചു.
ഇതോടൊപ്പം എംഎൽഎ വാഗ്ദാനം ചെയ്ത നാലു ഡയാലിസിസ് മെഷീന് അതിവേഗം സജ്ജീകരിക്കുംമെന്നും മേയർ വ്യക്തമാക്കി.