സര്‍ക്കാരിന്റേതു കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന വിപണിഇടപെടല്‍: മന്ത്രി അനിൽ
1451655
Sunday, September 8, 2024 6:40 AM IST
വെള്ളിക്കുളങ്ങര: ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോയുംവഴി സര്‍ക്കാര്‍ നടത്തിവരുന്നതു കുടുംബങ്ങള്‍ക്ക് ആശ്വാസംപകരുന്ന ഇടപെടലാണെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശാസ്താംപൂവം ആദിവാസി നഗറില്‍ സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമങ്ങളില്‍ കാണുന്നതിനു വിപരീതമായി ജനങ്ങള്‍ക്ക് ആശ്വാസംപകരുന്നതരത്തില് ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ഈ സ്ഥാപനങ്ങള്‍വഴി ലഭ്യമാക്കുന്നത്.
എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന റേഷന്‍ സംവിധാനം ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വര്‍ഷം കഴിഞ്ഞിട്ടും എല്ലാവര്ക്കും ഭക്ഷ്യധാന്യം എന്നു പ്രസംഗിക്കുന്നതല്ലാതെ ഇതുപ്രാവര്ത്തികമാക്കാന് കേരളത്തിനല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദിവാസി നഗറുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍കടകള്‍ പ്രത്യേകം ഏര്‍പ്പാടു ചെയ്ത വാഹനങ്ങളുപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ ജില്ല ാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇതുസ്ഥിരംസംവിധാനമാക്കി മാറ്റുന്നകാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ശാസ്താംപൂവം ആദിവാസി നഗറിലെ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവന്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വി.എസ്. നിജില്‍, ഷൈബി സജി, അംഗങ്ങളായ ചിത്ര സുരാജ്, കെ.എസ്. ബിജു, ജില്ല സപ്ലൈ ഓഫീസര്‍ പി.ആര്. ജയചന്ദ്രന്, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ സൈമണ്‍ ജോസ്, ഊരുമൂപ്പന് സേവ്യര്‍, വിവിധ രാ ഷ്ട്രീയ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.