അപകട ഭീഷണിയായ കെട്ടിടം പൊളിച്ചുനീക്കും
1443547
Saturday, August 10, 2024 1:59 AM IST
ഇരിങ്ങാലക്കുട: നഗരഹൃദയത്തില്‍ വഴിയാത്രക്കാര്‍ക്കും അടുത്തുള്ള വയോധികദമ്പതികള്‍ക്കും ഭീഷണിയായി നിലകൊള്ളുന്ന ജീര്‍ണിച്ച കെട്ടിടം പൊളിച്ചുനീക്കാന്‍ ധാരണയായതായി സൂചന.
ഇരിങ്ങാലക്കുട സൗത്ത് ബസാര്‍ റോഡില്‍ തെക്കേക്കര വീട്ടില്‍ ആന്റണിയുടെയും (90), ഭാര്യ സിസിലിയുടെയും (80) വര്‍ഷങ്ങളായുള്ള പരാതികള്‍ക്കും ഭീതികള്ക്കുമാണ് ഒടുവില്‍ പരിഹാരമാകുന്നത്. തങ്ങളുടെ ജീവന് ഭീഷണിയായി വീടിനോട് ചേര്‍ന്ന് നിലകൊള്ളുന്ന കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടം പൊളിച്ചുനീക്കണമെന്ന് രണ്ടുവര്‍ഷം മുമ്പുതന്നെ ഇരുവരും അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
നഗരസഭ ഉദ്യോഗസ്ഥര്‍ പരാതിക്കാരും കെട്ടിടത്തിന്റെ ഉടമയായ കൊടയ്ക്കാടന്‍ ബാബുവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ദുര്‍ബലമായ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉടമസ്ഥന് സമ്മതിക്കുകയായിരുന്നു. കെട്ടിടം പൊളിച്ചുനീക്കുന്ന പണികള്‍ അടുത്ത ആഴ്ച അവസാനത്തോടെ ആരംഭിക്കും.
വയോധിക ദമ്പതികള്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന കെട്ടിടം പൊളിച്ചുനീക്കേണ്ടതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു താലൂക്ക് വികസന സമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
കെട്ടിടം അപകടാവസ്ഥയില്‍ ആണെന്നും നഗരസഭ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും സ്ഥലം സന്ദര്‍ശിച്ച ആര്‍ഡിഒയും ആവശ്യപ്പെട്ടിരുന്നു.