അമല ബ്ലഡ് സെന്ററിന് എൻഎബിഎച്ച് അംഗീകാരം
1441932
Sunday, August 4, 2024 7:18 AM IST
അമലനഗർ: അമല മെഡിക്കൽ കോളജ് ബ്ലഡ് സെന്ററിനു നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്) അംഗീകാരം. കേരളത്തിൽ ആദ്യമായാണ് മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള ബ്ലഡ് സെന്ററിനു പ്രത്യേകമായി എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്നത്. ബ്ലഡ് സെന്ററിന്റെ ഗുണമേൻമ നിർണയിക്കുന്നതാണ് അംഗീകാരം.
ക്വാളിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധർ രണ്ടുദിവസം വിലയിരുത്തിയാണ് അംഗീകാരം നൽകിയത്.
അമല ബ്ലഡ് സെന്ററിൽ നടന്ന ചടങ്ങിൽ അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ ബ്ലഡ് സെന്റർ മേധാവി ഡോ. വിനു വിപിനു സർട്ടിഫിക്കറ്റ് കൈമാറി. ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ്‍ മുണ്ടൻമാണി, ബ്ലഡ് സെന്റർ ഇൻ ചാർജ് സിസ്റ്റർ എലിസബത്ത് എന്നിവർ പ്രസംഗിച്ചു. കേരളത്തിൽ ആകെ അഞ്ച് ബ്ലഡ് സെന്ററുകൾക്കുമാത്രമാണ് എൻഎബിഎച്ച് അംഗീകാരമുള്ളത്.