കരുവന്നൂര്‍ പുഴ: ജലനിരപ്പും ആശങ്കയും കൂടുന്നു
1440940
Thursday, August 1, 2024 2:28 AM IST
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് ഇന്നലെ അഞ്ചുമീറ്റര്‍ വരെ ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. 2018ല്‍ ഏഴു മീറ്റര്‍ വരയൊണു പുഴയിലെ ജലനരപ്പ് ഉയര്‍ന്നത്. കലുഷിതമായ പുഴ പലയിടത്തും കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ള വീടുകളിലേക്കു വെള്ളംകയറിയതിനെ തുടര്‍ന്ന് അവര്‍ ബന്ധു വീടുകളിലും ദുരിതശ്വാസ കേന്ദ്രങ്ങളിലേക്കും താമസം മാറ്റി.
ഇന്നലെ രാവിലെ മന്ത്രി ഡോ. ആര് ബിന്ദു നടപടികള്‍ നേരിട്ട് വിശകലനം ചെയ്യുന്നതിനായി ഇല്ലിക്കല്‍ ഡാം പരിസരത്ത് സന്ദര്‍ശനം നടത്തി. ഈ സമയം ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ പരാതിയുമായി മന്ത്രിക്കു മുമ്പിലെത്തി. മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളക്കുട്ടി, ചേര്‍പ്പ് മുന്‍ പഞ്ചായത്തംഗം കെ.ആര്. സിദാര്ഥന് എന്നിവരുടെ നേതൃത്വത്തിലാണു നാട്ടുകാര്‍ പ്രതിഷേധവുമായി മന്ത്രിക്കു മുമ്പിലെത്തിയത്. പുഴയ്ക്കു കുറുകെയുള്ള ഇല്ലിക്കല്‍ റെഗുലേറ്ററില്‍ വലിയ മരത്തടികളും മാലിന്യങ്ങളും തടഞ്ഞു കിടക്കുന്നത് നീക്കം ചെയ്യണമെന്നും റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും നാട്ടുക്കാര് ആവശ്യപ്പെട്ടു.
ക്രെയിന്‍ എത്തിച്ചാണു വലിയ മരങ്ങള്‍ നീക്കം ചെയ്യുന്നത്. തകരാറിലായ ചില ഷട്ടറുകള്‍ ഇപ്പോഴും ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇന്നും മാലിന്യ നീക്കം നടത്തും.