വെള്ളപ്പൊക്കത്തിനും ആശങ്കകൾക്കും ഒഴിവില്ല
1440932
Thursday, August 1, 2024 2:28 AM IST
തൃശൂർ: കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിനും ആശങ്കകൾക്കും ഒഴിവില്ല. ഇന്നലെ മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും മിക്കയിടത്തും വെള്ളമിറങ്ങിയില്ല. ഡാമുകൾ തുറന്നതിനെത്തുടർന്നു നീരൊഴുക്കും ശക്തം.
ജില്ലയിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. നിലവിൽ ആറു താലൂക്കുകളിലായി 124 ദുരിതാശ്വാസ ക്യാന്പുകളിൽ 2364 കുടുംബങ്ങളാണു കഴിയുന്നത്. ആകെ 6636 പേർ. ചാലക്കുടി- 27, മുകുന്ദപുരം- 15, തൃശൂർ- 40, തലപ്പിള്ളി- 23, ചാവക്കാട്- 9, കുന്നംകുളം- 10 എന്നിങ്ങനെയാണു ക്യാന്പുകൾ. കഴിഞ്ഞ ദിവസം ആരംഭിച്ച ഒന്പതു ക്യാന്പുകൾക്കു പുറമേ, ഒല്ലൂർ പനംകുറ്റിച്ചിറ സ്കൂൾ, അരണാട്ടുകര തരകൻസ് സ്കൂൾ, പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മൂന്നു ക്യാന്പുകൾകൂടി തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
പീച്ചി, വാഴാനി, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട്, പെരിങ്ങൽകുത്ത് ഡാമുകളിൽനിന്ന് വെള്ളമൊഴുക്ക് തുടരുന്നു.
മണലിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ആന്പല്ലൂരിലും കല്ലൂർ വഴിയിലും വെള്ളം കയറി വാഹനഗതാഗതം സ്തംഭിച്ചു. പുലക്കാട്ടുകര പ്രദേശം ഒറ്റപ്പെട്ടു. വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. നെൻമണിക്കര, അളഗപ്പനഗർ, തൃക്കൂർ, പുതുക്കാട് പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറി.
എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ, ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുന്പ് എന്നിവിടങ്ങളിൽ കനോലി കനാൽ കരകവിഞ്ഞ് ഇരുപതോളം വീടുകൾ വെള്ളത്തിലായി. കരുവന്നൂർ പുഴയിലെ ജലനിരപ്പ് അഞ്ചുമീറ്ററോളം ഉയർന്നു. ഇല്ലിക്കൽ റെഗുലേറ്ററിലെ ഷട്ടറുകൾ തുറക്കാൻ വൈകിയതിൽ മന്ത്രിക്കുമുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.
പൂമല ചേറ്റുപാറ പള്ളിയുടെ മുൻഭാഗത്തു മണ്ണിടിച്ചിലുണ്ടായി. താണിക്കുടത്തു പുഴയിൽനിന്നു വെള്ളംകയറി വാഴക്കൃഷിക്കും വ്യാപകനാശമുണ്ടായി. മുല്ലശേരിയിൽ പരപ്പുഴ പാലംമുതൽ അന്നകര വരെ റോഡിലൂടെ ശക്തമായ വെള്ളമൊഴുക്കു തുടരുന്നതിനാൽ ഗതാഗതം ഭാഗികമായി നിരോധിച്ചു. പേനകം, എലവത്തൂർ, മധുക്കര, റോഡുകളിലും കനത്ത വെള്ളക്കെട്ട്.
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ നിരോധനം
തൃശൂർ: ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കു രണ്ടു ദിവസംകൂടി നിരോധനം ഏർപ്പെടുത്തി. ഇന്നും നാളെയും പ്രവേശനം നിരോധിക്കും.
ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തരസാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാം.