പനി, ഡെങ്കിപ്പനി ബാധിതർ ഇരട്ടി; പ്ലേറ്റ്ലെറ്റ് ക്ഷാമവും രൂക്ഷം
1436874
Thursday, July 18, 2024 1:37 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മഴ കനത്തതോടെ തൃശൂർ ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം പാതി പിന്നിടുന്പോൾ 15,577 പേർ ആശുപത്രികളിൽ ചികിത്സതേടിയെത്തി. കഴിഞ്ഞമാസം 13,577 പേർക്കാണു പനിബാധിച്ചത്.
ഡെങ്കിപ്പനിബാധിതരുടെ എണ്ണവും ഇന്നലെവരെ ഇരട്ടിയോളം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞമാസം നാനൂറോളംപേരാണു ഡെങ്കിപ്പനി സംശയിച്ച് ആശുപത്രികളിൽ എത്തിയതെങ്കിൽ 16 ദിവസത്തിനിടെ 872 പേരാണു ചികിത്സതേടിയത്.
എച്ച്1എൻ1 ബാധിച്ചു കഴിഞ്ഞമാസം 47 പേർ ചികിത്സതേടിയെങ്കിൽ ഈ മാസം 128 പേർക്കു സ്ഥിരീകരിച്ചു. എലിപ്പനിസംശയങ്ങളോടെ 14 പേരും ആശുപത്രിയിലെത്തി. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾകൂടി ഉൾപ്പെടുത്തുന്പോൾ എണ്ണം കൂടും. ആളൂർ, അവണൂർ, ദേശമംഗലം, കൈപ്പറന്പ്, കുന്നംകുളം, മേലൂർ, പുന്നയൂർക്കുളം, പുത്തൂർ, തൃശൂർ കോർപറേഷൻ, ചേർപ്പ്, എടത്തിരുത്തി, മറ്റത്തൂർ, പുത്തൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്ലേറ്റ്ലെറ്റുകൾ ലഭിക്കാൻ നടപടി വേണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നു. പ്ലേറ്റ്ലെറ്റിനു ക്ഷാമമുണ്ട്. കൂടുതൽപേർ രക്തദാനത്തിനു മുന്പോട്ടുവരികയാണ് ഏകമാർഗം. പ്രതിദിനം അന്പതുപേർ രക്തദാനം നടത്തിയാൽ പ്ലേറ്റ്ലെറ്റ് ക്ഷാമം തീരുമെന്ന് ഐഎംഎ പറഞ്ഞു. 14ന് 84 പേർ രക്തദാനം നടത്തി. ഇതിൽ ഭൂരിപക്ഷവും രക്തദാന ക്യാന്പ് വഴിയാണ് നൽകിയത്. തൃശൂർ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് ഐഎംഎ രക്തബാങ്കിൽനിന്ന് ഘടകങ്ങൾ നൽകുന്നുണ്ട്. സർക്കാർ നിശ്ചയിച്ച വിലയെക്കാൾ കുറവായതിനാൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആശ്വാസമാണ്.
നിലവിൽ ശനി, ഞായർ ദിവസങ്ങളിലാണു ക്യാന്പ് നടത്തുകയെങ്കിലും വരുംദിവസങ്ങളിൽ കൂടുതൽ ക്യാന്പുകൾ നടത്താൻ കഴിയുമെന്നാണു പ്രതീക്ഷ. പ്രതിദിനം അന്പതോളംപേരാണ് പ്ലേറ്റ്ലെറ്റിനായി രക്തബാങ്കിലെത്തുന്നത്.