ദേശീയപാത നിർമാണം; പുന്നയ്ക്കബസാറിൽ നിരവധി കുടുംബങ്ങൾ ദുരിതത്തില്‍
1436867
Thursday, July 18, 2024 1:37 AM IST
കയ്പമംഗലം: കനത്തമഴയിൽ പുന്നയ്ക്കബസാറിൽ ദേശീയപാത നിർമാണംമൂലം നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. മതിലകം പഞ്ചായത്തിലെ പുന്നയ്ക്കബസാർ സെന്ററിന് വടക്കു ഭാഗത്തുണ്ടായ വെള്ളക്കെട്ട് കാരണമാണ് പ്രദേശവാസികൾ ബുദ്ധിമുട്ടിലായത്. പാപ്പിനിവട്ടം സർവീസ് സഹകരണബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും പ്രവർത്തിക്കുന്നത് ഈ മേഖലയിലാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇതുവഴി പോകാൻ വളരെയധികം ബുദ്ധിമുട്ടായി.
ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്തു താമസിക്കുന്ന നിരവധി കുടുംബങ്ങൾക്കു ശക്തമായ വെള്ളക്കെട്ടുമൂലം കിലോമീറ്ററുകളോളം വഴിമാറിപോകേണ്ട അവസ്ഥയാണ്. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കായി മണലെടുത്ത ഭാഗത്തു വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് ഇരുചക്ര വാഹനങ്ങയാത്രികർക്കുപോലും സുരക്ഷിതമായി കടന്നു പോകാൻ സാധിക്കുന്നില്ല. ബാങ്ക് ജീവനക്കാർക്ക് മാത്രമല്ല, ഉപഭോക്താക്കൾക്കും കുട്ടികൾക്കും ഇത്തരത്തിലുള്ള വെള്ളക്കെട്ട് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഈ ഭാഗത്തുള്ള വഴികളിൽ നിരവധി ചെറുതും വലുതുമായ കുഴികളുണ്ട്. ഇതൊന്നും അറിയാതെ എത്തുന്നവർ വെള്ളംകാരണം കുഴികൾ ഉണ്ടെന്നറിയാത്ത അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ബാങ്ക് അധികൃതർ നിരവധിതവണ ദേശീയ നിർമാണകരാർ കമ്പനി അധികൃതരോട് ഈ പ്രശ്നം അറിയിച്ചുവെങ്കിലും ഇതേവരെ പരിഹരിച്ചിട്ടില്ല. ഇതുകാരണം പലരും പടിഞ്ഞാറൻവഴി കിലോമീറ്ററുകളോളം വളഞ്ഞാണ് ദേശീയപാതയിലേയ്ക്ക് എത്തുന്നത്. പുന്നയ്ക്കബസാർ വടക്കുഭാഗം മുതൽ പുളിഞ്ചോട് വരെയുള്ള ദേശീയപാതയുടെ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വാർഡ് മെമ്പർ ഒ.എസ്. ശരീഫയും ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിഷയം കരാർ കമ്പനിയുടെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും പരിഹരിക്കാമെന്ന് അറിയിച്ചതായും മെമ്പർ അറിയിച്ചു.