കരയാംപാടത്തെ 100 ഏക്കർ നെല്‍കൃഷി വെള്ളത്തിൽ
1436641
Wednesday, July 17, 2024 1:16 AM IST
വരന്തരപ്പിള്ളി: ശക്തമായ മഴയില്‍ കുറുമാലിപ്പുഴ കരകവിഞ്ഞു. കരയാംപാടത്തെ 100 ഏക്കറോളം നെല്‍കൃഷി വെള്ളത്തിനടിയിലായി. കനത്ത മഴയും കുറുമാലിപ്പുഴയുടെ ഒഴുക്കിനുണ്ടായ തടസവുമാണു കൃഷി വെള്ളത്തിലാകാന് കാരണമെന്നു കര്‍ഷകര്‍ പറഞ്ഞു.
കുറുമാലിപ്പുഴയില്‍ തോട്ടുമുഖത്ത് വേനലില്‍ കെട്ടിയ താല്‍ക്കാലിക മണ്‍ചിറ പൂര്‍ണമായും നീക്കാത്തതാണ് വേഗത്തില്‍ വെള്ളം ഉയരാന്‍ കാരണമായതെന്നും കര്‍ഷകര്‍ ആരോപിച്ചു.
മഴ ശക്തമാവുന്നതോടെ ചിറയുടെ നടുഭാഗം ഒഴുക്കില്‍ സ്വാഭാവികമായി തകരുകയാണു പതിവ്. പുഴയുടെ തീരങ്ങളോടു ചേര്‍ന്നുള്ള ഭാഗം പൊളിച്ചുനീക്കാത്തതാണ് ഒഴുക്കിനെ ബാധിക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഒഴുക്ക് തടസപ്പെടുന്നതോടെ സമീപപ്രദേശങ്ങളിലേക്കും പാടത്തേക്കും വെള്ളം കയറുകയായിരുന്നു.
ജലനിരപ്പ് താഴ്ന്നാല്‍ ഉടന്‍ ചിറയുടെ അവശേഷിക്കുന്ന ഭാഗം നീക്കംചെയ്യണമെന്നും കൃഷി നശിച്ച കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കര്‍ഷക മോര്‍ച്ച നേതാക്കളായ കെ. രാജ്കുമാര്, അജിതന് നെല്ലിപ്പറമ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
തോട്ടുമുഖം പമ്പ് ഹൗസ് വഴിയും വെള്ളത്തില്‍ മുങ്ങിയതോടെ പമ്പിംഗ് നിര്‍ത്തിവച്ചു. ഓപ്പറേറ്റര്‍മാര്‍ക്ക് പമ്പ് ഹൗസിലേക്ക് എത്താന്‍ സാധിക്കാത്തതാണു പമ്പിംഗ് നിര്‍ത്താന്‍ കാരണം.