കൊടകര പൂനിലാർക്കാവ് ക്ഷേത്രത്തിലെ മോഷണം: പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ്
1436487
Tuesday, July 16, 2024 1:23 AM IST
കൊടകര: പൂനിലാർക്കാവ് ദേവിക്ഷേത്രത്തിലെ സ്വർണക്കോലം മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയായ അസം ബാർപേട്ട ജില്ലയിലെ ദിലീപ് ബിശ്വാസിനെ (35) ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പു നടത്തി. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് അസമിൽനിന്നു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യപ്പെട്ട പ്രതിയെ തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ക്ഷേത്ര ശ്രീകോവിലിൽനിന്നു ലഭിച്ച വിരലടയാളമാണു പ്രതിയെ പിടി കൂടാൻ സഹായിച്ചത്. ക്ഷേത്രത്തിലെ സ്റ്റോറിന്റെ താഴ് തകർത്താണു കോലത്തിലെ ദേവീരൂപം, താലി എന്നിവ മോഷ്ടിച്ചത്.
വെൽഡിംഗ് ജോലിക്കായി കേരളത്തിലെത്തിയ പ്രതി മൂന്നുമാസം കൊടകര ഉളുമ്പത്തുകുന്നിൽ വാടകയ്ക്കു താമസിക്കുന്നതിനിടെയാണു മോഷണം നടത്തിയത്. തുടർന്ന് സ്വദേശമായ അസമിലേക്കു പോയ പ്രതി അവിടെ എടിഎം കവർച്ചക്കിടെയാണു പിടിയിലായത്. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നു. തെളിവെടുപ്പിനുശേഷം പ്രതിയെ റിമാൻഡ് ചെയ്തു.