മുരുക്കുംപാറയിൽ വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം
1429364
Saturday, June 15, 2024 1:31 AM IST
പുത്തൂർ: മാന്ദാമംഗലം മുരുക്കുംപാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. മുരുക്കുംപാറ വെള്ളച്ചാലിലാണ് ഇന്നലെ ഉച്ചകഴി ഞ്ഞു മൂന്നരയോടെ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. റോഡി ലൂടെ പോയിരുന്ന സ്കൂട്ടർയാത്രക്കാരിയുടെ മുന്നിലൂടെയാണ് പുലിയെന്നു സംശയിക്കുന്ന ജീവി കുറുകെച്ചാടിയത്. ഭയന്നുപോയ യുവതി ഉടൻ നാട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ മാന്ദാമംഗലം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. കാട്ടുപൂച്ചയാവാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വരുന്ന രണ്ടുദിവസം സ്ഥലത്തു വനംവകുപ്പ് നിരീക്ഷണം നടത്തുമെന്നും പുലിയുടെ സാന്നിധ്യം കണ്ടെത്തിയാൽ സ്ഥലത്തു നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
നിരവധി നാട്ടുകാരാണു വിവരമറിഞ്ഞ് സ്ഥലത്തു തടിച്ചുകൂടിയത്. ഒല്ലൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ മരോട്ടിച്ചാൽ ചുള്ളിക്കാവിൽ പുലിയിറങ്ങി ആടിനെ പിടികൂടിയിരുന്നു.