തൃശൂർ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ കോർപറേഷൻതല ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു. ജയ്ഹിന്ദ് മാർക്കറ്റിൽ ആരംഭിച്ച ശുചീകരണത്തിനൊപ്പം 55 ഡിവിഷനുകളിലും കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോർപറേഷൻ പരിധിയിൽ ഡ്രൈഡേയായി ആചരിച്ചതോടൊപ്പം മഴക്കാല പ്രതിരോധ ബോധവത്കരണ നോട്ടീസുകൾ വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്തു.
ജയ്ഹിന്ദ് മാർക്കറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗണ്‍സിലർ പൂർണിമ സുരേഷ്, ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് ഷാജു തുടങ്ങിയവർ സന്നിഹിതരായി. കോർപറേഷനിലെ 55 ഡിവിഷനുകളിലും ബന്ധപ്പെട്ട കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, എൻഎസ്എസ് വോളന്റിയർമാർ, സന്നദ്ധ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, യുവജന പ്രസ്ഥാനങ്ങൾ, വ്യാപാരികൾ തുടങ്ങിയവർ കാന്പയിനിന്റെ ഭാഗമായി.