ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട നേപ്പാൾ സ്വദേശികളായ സഹോദരങ്ങൾ മരിച്ചു
1423332
Saturday, May 18, 2024 10:45 PM IST
ചെറുതുരുത്തി: ഭാരതപ്പുഴയിൽ ദേശമംഗലം വറവട്ടൂർ തെങ്ങുംകടവിൽ ഒഴുക്കിൽപ്പെട്ട നേപ്പാൾ സ്വദേശികളായ സഹോദരങ്ങളിൽ രണ്ടു പേർ മരിച്ചു. ഒരാളെ രക്ഷിച്ചു.
പുഴയോടുചേർന്നുള്ള ഫാമിൽ ജോലിചെയ്യുന്ന നേപ്പാൾ ബജഹാൻക് സ്വദേശികളായ നന്തേ ധനുക്ക്-യസോധ എന്നിവരുടെ മക്കളായ ബിക്രം (16), സിസിര കുമാരി (14) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ആറുവയസുള്ള ബിബോ സിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
മറ്റു രണ്ടുപേരെയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുവർഷം മുമ്പാണ് ഇവർ കുടുംബമായി പുഴയോരത്തെ ഫാമിൽ ജോലിക്കെത്തിയത്. മരിച്ച രണ്ടുപേരും നേപ്പാളിൽ പഠിക്കുന്നവരാണ്. ഒരാഴ്ചമുമ്പാണ് ഇവർ വറവട്ടൂരിലെ ഫാമിൽ എത്തിയത്.
ചെറുതുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.