ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടിനു പിഴചുമത്തി
1423008
Friday, May 17, 2024 1:30 AM IST
കൊടുങ്ങല്ലൂർ: ചെറുമത്സ്യങ്ങൾ പിടിച്ച ബോട്ട് പിടികൂടി പിഴചുമത്തി. അഴീക്കോട് തീരത്തോടുചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ടാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അധികൃതരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അനധികൃത മത്സ്യബന്ധനം നടത്തുകയായിരുന്നു എറണാകുളം മുനമ്പം പള്ളിപ്പുറം ദേശത്ത് തായാട്ട് പറമ്പിൽ നീധിഷിന്റെ ശ്രീശാസ്താ എന്ന ബോട്ട്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെൻറുകളിലും നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
ഭക്ഷ്യയോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,50,000 രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗ യോഗ്യമായ 70,000 രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് കടലിൽ നിക്ഷേപിച്ചു.
ഫിഷറീസ് ഹാച്ചറി അസിസ്റ്റന്റ് ഡയറക്ടർ ഡോ. സീമ, എഎഫ്ഇഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, ഫസൽ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.
അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും വരുംദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും പ്രത്യേക പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധകുമാരി അറിയിച്ചു.