മാർ കുണ്ടുകുളം പാവപ്പെട്ടവന്റെ നെടുവീർപ്പ് നെഞ്ചിലേറ്റിയ പിതാവ്: മാർ നീലങ്കാവിൽ
1416837
Wednesday, April 17, 2024 1:53 AM IST
തൃശൂർ: പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും നെടുവീർപ്പ് നെഞ്ചിലേറ്റിയ പിതാവായിരുന്നു മാർ ജോസഫ് കുണ്ടുകുളമെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. തൃശൂർ അതിരൂപത കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ ഫാമിലി അപ്പസ്തൊലേറ്റിൽ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ കൂട്ടായ്മ ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കൽ അധ്യക്ഷനായി.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, കുടുംബകൂട്ടായ്മ ജനറൽ കണ്‍വീനർ ഷിന്റോ മാത്യു, അസി. ഡയറക്ടർ ഫാ. അനിഷ് കൂത്തൂർ, ട്രഷറർ ജെയ്സൻ മാണി എന്നിവർ പ്രസംഗിച്ചു. 15 വർഷമായി പെരിങ്ങണ്ടൂർ പീസ് ഹോമിൽ സേവനമനുഷ്ടിക്കുന്ന അലെസ്റ്റിൻ തോമസിനെ മാർ ജോസഫ് കുണ്ടുകുളത്തിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ സാമൂഹ്യസേവന പുരസ്കാരം നൽകി ആദരിച്ചു. കുടുംബകൂട്ടായ്മയുടെ ആന്തം പ്രകാശനവും നടത്തി. രചയിതാവായ റവ.ഡോ. റോയ് മൂക്കനെ പൊന്നാടയണിയിച്ച് ആദരിച്ചു. 2023 വർഷത്തിലെ മാതൃകാ കുടുംബകൂട്ടായ്മകൾക്കുള്ള സമ്മാനവിതരണവും നടത്തി.
ജനറൽ സെക്രട്ടറി പ്രഫ. ജോർജ് അലക്സ്, ജോയിന്റ് ജനറൽ കണ്‍വീനർമാരായ ബിജു സി. വർഗീസ്, സുബി ജസ്റ്റിൻ, ജോയിന്റ് സെക്രട്ടറിമാരായ ലിവിൻ വർഗീസ്, ഷീജ ജോണ്സൻ, കമ്മിറ്റി അംഗങ്ങളായ സി.ടി. ജോയ്, ജിനീഷ് വടക്കുഞ്ചേരി, പി.പി. ദേവസ്യ എന്നിവർ നേതൃത്വം നൽകി.