ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജതജൂബിലി നാളെ
1415885
Friday, April 12, 2024 1:30 AM IST
കൊടുങ്ങല്ലൂർ: കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾ നാളെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി. മാതൃഇടവകയായ മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളിക്കു സമീപം സെന്റ് ആന്റണീസ് യുപി സ്കൂൾ അങ്കണത്തിലാണ് ആഘോഷ പരിപാടികൾ.
കോട്ടപ്പുറം രൂപതയും മാതൃഇടവകയും മാള പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷങ്ങൾ വൈകിട്ട് 4.30ന് ജൂബിലേറിയൻ അർപ്പിക്കുന്ന കൃതജ്ഞതാബലിയോടെ ആരംഭിക്കും.
ആർച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ആമുഖ പ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ വചനപ്രഘോഷണം നടത്തും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഡോ. ഫ്രാൻസിസ് കല്ലറക്കൽ, മാർ പോളി കണ്ണൂക്കാടൻ എന്നിവർ മുഖ്യസഹകാർമികരാകും. ഒട്ടേറെ വൈദികർ സഹകാർമികരാകും.
ദിവ്യബലിക്കുശേഷം നടക്കുന്ന അനുമോദന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ് ഘാ ടനം ചെയ്യും. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എംപി, വി.ആർ. സുനിൽകുമാർ എംഎൽഎ, ഇ.ടി ടൈസൻമാസ്റ്റർ എംഎൽഎ, കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ, കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ തുടങ്ങിയവർ പ്രസംഗിക്കും. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മറുപടി പ്രസംഗം നടത്തും.
വൈകീട്ട് 3.30ന് മാള ടൗണിൽ എത്തുന്ന ബിഷപ്പിനെ പൗരാവലി ഹാരാർപ്പണം ചെയ്ത് സ്വീകരിക്കും. തുടർന്ന് 25 ബുള്ളറ്റുകളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ ബിഷപ്പിനെ മാളപള്ളിപ്പുറത്തേക്ക് ആനയിക്കും.