ക്രൈസ്റ്റ് ആർട്സ് കേരള കലാമേള: സെന്റ് തെരേസാസിന് ഒന്നാംസ്ഥാനം
1339576
Sunday, October 1, 2023 2:25 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിവലിനു കൊടിയിറക്കം.
സംസ്ഥാനതലത്തിൽ കലാലയങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ മേള കോളജ് മാനേജർ ഫാ. ജോയി പീണിക്കപറന്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോണ്‍ കണ്ടംകുളത്തി, പ്രൊഫ. ഷീബ വർഗീസ് യു. എന്നിവർ പ്രസംഗിച്ചു.
ഏഴു ടീമുകളാണ് മത്സരിച്ചത്. യൂണിവേഴ്സിറ്റി തലത്തിലുള്ള ഇന്റർസോണ്‍ മത്സരങ്ങൾക്കുമുന്‍പ് എഴുപതുകളിൽ സംസ്ഥാനതലത്തിൽ കോളജുകളെ പങ്കെടുപ്പിച്ചു ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള. കാലക്രമേണ നിലച്ച ഈ മേളയാണു ആർട്സ് കേരളയെന്നപേരിൽ കോളജിൽ പുനർജനിച്ചത്.
എറണാകുളം സെന്റ് തെരേസസ് കോളജ് ഡാൻസ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി. കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളജ്, തൃശൂർ സെന്റ് മേരീസ് കോളജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മികച്ച ചമയത്തിനുള്ള രാമേട്ടൻസ് ബെസ്റ്റ് മേക്കപ്പ് അവാർഡ് എറണാകുളം സെന്റ് തെരേസാസ് കോളജ് നേടി. ഒന്നാം സമ്മാനമായി കെ.പി. ജോണ്‍ മെമ്മോറിയൽ ട്രോഫിയും മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും നൽകി.
രണ്ടാം സമ്മാനമായി 20,000 രൂപ ക്യാഷ് അവാർഡും ശിൽപവും, മൂന്നാം സമ്മാനമായി 10,000 രൂപ ക്യാഷ് അവാർഡും ശിൽപവും നൽകി. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോണ്‍ കണ്ടംകുളത്തി എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനം നൽകി.