അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനിടെ വയോധികന് അടിയേറ്റ് മരിച്ചു
1337891
Saturday, September 23, 2023 11:58 PM IST
വെള്ളിക്കുളങ്ങര: കുറ്റിച്ചിറക്കു സമീപം പൊന്നാമ്പിയോളിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വഴക്കിനെതുടര്‍ന്ന് വയോധികന് കമ്പിവടികൊണ്ടുള്ള അടിയേറ്റു മരിച്ചു. പൊന്നാമ്പിയോളി മാളിയേക്കല്‍ ഔസേഫ്(80) ആണ് മരിച്ചത്.
അയല്‍വാസി തോട്ടിയാന്‍ ജോബിയാണ്(55) സംഭവത്തിലെ പ്രതിയെന്ന് വെള്ളിക്കുളങ്ങര പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതി ജോബിക്കും പരിക്കേറ്റു. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഔസേഫിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു സംഭവം. ഔസേഫും ജോബിയും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തു.