ചിയ്യാരത്തു ബസിനു പിന്നിൽ ബസിടിച്ച് 18 പേർക്കു പരിക്ക്
1336616
Tuesday, September 19, 2023 1:24 AM IST
തൃശൂർ: സ്ഥിരം ഗതാഗതക്കുരുക്ക് മേഖലയായി മാറിയ ചിയ്യാരത്ത് ബസിനു പിന്നിൽ ബസിടിച്ച് രണ്ടു വിദ്യാർഥികളും സ്ത്രീകളുമടക്കം 18 പേർക്കു പരിക്ക്. പത്തുപേരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും എട്ടുപേരെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്കു ഗുരുതരമല്ല. ഇന്നലെ രാവിലെ എട്ടോടെ ചിയ്യാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപമായിരുന്നു അപകടം.
കോടാലി- ഉൗരകം- തൃശൂർ റൂട്ടിലോടുന്ന അയ്യപ്പജ്യോതി ബസിനു പിറകിൽ തൃശൂര- ചേർപ്പ്- തൃപ്രയാർ റൂട്ടിലോടുന്ന ക്രൈസ്റ്റ് മോട്ടോഴ്സ് ബസ് ഇടിക്കുകയായിരുന്നു. മുന്‍പിലുണ്ടായിരുന്ന സ്കൂൾ ബസ് പെട്ടെന്നു ബ്രേക്കിട്ടതോടെ തൊട്ടുപിറകിലുണ്ടായിരുന്ന അയ്യപ്പജ്യോതി ബസും ബ്രേക്കിട്ടു. ഇതോടെ പിന്നിലുണ്ടായിരുന്ന ക്രൈസ്റ്റ് മോട്ടോഴ്സ് ബസ് ഇടിക്കുകയായിരുന്നു. ബസിൻറെ ചില്ലു പൊട്ടി ദേഹത്തു കയറിയാണു പലർക്കും പരിക്ക്.
അപകടത്തിൽ അയ്യപ്പജ്യോതിയുടെ പിൻഭാഗവും ക്രൈസ്റ്റ് മോട്ടോഴ്സിന്റെ മുൻഭാഗവും തകർന്നു. ക്രൈസ്റ്റ് മോട്ടോഴ്സിന്റെ മുന്നിലുണ്ടായിരുന്നവർക്കാണു കൂടുതലും പരിക്ക്. അപകം നടന്ന സമയത്ത് ഇരുബസുകളും റോഡിന്റെ വലതുവശത്തായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ഇടുങ്ങിയ റോഡാണെങ്കിലും ഇതിലൂടെ ബസുകൾ അമിതവേഗത്തിലാണു പോകുന്നതെന്നും പറഞ്ഞു. കണിമംഗലം- പാലക്കൽ റൂട്ടിൽ റോഡ് കോണ്‍ക്രീറ്റിംഗ് ജോലികൾ നടക്കുന്നതിനാൽ തൃശൂരിലേക്കുള്ള ബസുകൾ ചിയ്യാരം വഴി ചുറ്റി കൂർക്കഞ്ചേരിയിലെത്തിയാണു പോകുന്നത്. ഇതുമൂലമുണ്ടാകുന്ന സമയ നഷ്ടം മറികടക്കാനാണ് ബസുകൾ വേഗം കൂട്ടുന്നത്.
സമയനഷ്ടം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ബസ് ഉടമകളുടെയും ജീവനക്കാരുടെയും യോഗം ചേർന്നു പരിഹാരമാർഗങ്ങൾ നിർദേശിച്ചിരുന്നെങ്കിലും അതൊന്നും പാലിക്കാതെയാണ് ഇതുവഴിയുള്ള ബസകളുടെ മരണപ്പാച്ചിൽ. റോഡ് കോണ്‍ക്രീറ്റിംഗ് തുടങ്ങിയതിൽപിന്നെ തൃശൂർ മുതൽ പെരുന്പിള്ളിശേരി വരെയുള്ള റൂട്ടിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ മാസം കണിമംഗലത്തു ബസ് മറിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണു കൂർക്കഞ്ചേരി തങ്കമണി കയറ്റത്തു ബസിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞത്. മറ്റു നിരവധി അപകടങ്ങളാണ് ബസുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്.