അരനൂറ്റാണ്ടിന്റെ അത്ഭുതം; പൂത്തുലഞ്ഞ് മുല്ലപ്പന്തൽ
1298010
Sunday, May 28, 2023 7:00 AM IST
ചേർപ്പ്: വേനലിൽ പൂത്തുലഞ്ഞ ശോഭയായി ചേർപ്പ് പൂച്ചിന്നിപ്പാടം ചാത്തക്കുടം റോഡിലെ കുഴിച്ചാംമഠം വിജയന്റെ വീടിനു മുന്നിലെ മുല്ലപ്പന്തൽ. അന്‍പതു വർഷമായി ഏപ്രിൽ, മെയ്, ജൂണ്‍ മാസകാലയളവിലാണു പൂക്കൾ വിരിയുന്നത്. വിജയന്റെ പിതാവ് വേലായുധൻ കാലങ്ങൾക്കുമുന്പു പരിപാലിച്ചിരുന്ന മുല്ലച്ചെടിയാണ് ഇപ്പോഴും സുഗന്ധംപരത്തുന്നത്.
പിതാവിന്റെ മരണശേഷം സ്വർണാഭരണ തൊഴിലാളിയായ വിജയനും കുടുംബവുമാണ് മുല്ലച്ചെടികൾ സംരക്ഷിക്കുന്നത്. വേനൽക്കാലമായാൽ മുല്ല തളിർത്ത് വളരുവാൻ വെള്ളവും, വളവും ചേർത്താണ് പരിപാലിക്കുന്നത്. പ്ലാസ്റ്റിക് പൈപ്പുകൊണ്ടാണ് പടർന്ന് നിൽക്കുന്ന മുല്ലവള്ളികളെ സജ്ജീകരിച്ചിരിക്കുന്നതെന്ന് വിജയന്റെ മകൻ ജിജു പറഞ്ഞു.
കുട്ടികളും സ്ത്രീകളുമടങ്ങുന്നവർ വിജയന്റെ വീട്ടിലെത്തി നാട്ടുമുല്ലപ്പൂവ് തലയിൽ ചൂടാനും അലങ്കാര ആവശ്യങ്ങൾക്കുമായി കൊണ്ടുപോകാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. മുല്ലയുടെ ചില്ലകളിൽ പക്ഷികൾ കൂടുകൂട്ടിയതും വ്യത്യസ്ത കാഴ്ചയാണ്. മഴക്കാലമായാൽ മുല്ലക്കൊന്പുകൾ പൂർണമായും വെട്ടിക്കളയുകയാണു പതിവെന്നു വിജയൻ പറഞ്ഞു.