അവർ വരുവോളം കാത്തുനിന്നു...! പഴ്സ് ഉടമയെ ഏൽപ്പിച്ച് മിടുക്കികൾ
1247185
Friday, December 9, 2022 12:55 AM IST
അന്തിക്കാട്: പണവും ചെക്കും എടിഎം കാർഡും തിരിച്ചറിയൽ കാർഡുടുമടങ്ങുന്ന പഴ്സ് റോഡിൽ കിടക്കുന്നതുകണ്ട് അതെടുക്കാൻ പേടിച്ച് ഉടമ തിരിച്ചുവരുന്നതുവരെ റോഡിൽ കാത്തുനിന്ന് പഴ്സ് ഉടമയെ ഏൽപ്പിച്ച് സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ് സഹോദരികളായ മിടുക്കികൾ.
അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശി നിസാർ ബുസ്ന ദന്പതികളുടെ മക്കളായ ഐഷ തയ്ബ (9), നൂറുൽ ഐൻ (6) എന്നിവരാണ് ഈ മിടുക്കികൾ.
അന്തിക്കാട് സ്വദേശിയും ഭാരതീയ മെഡിക്കൽ ആൻഡ് റെപ്പർസെൻറ്റീവ്സ് ജില്ല പ്രസിഡന്റ് കൂടിയായ മനോജ് കുറ്റിപ്പറന്പിലിന്റെ പഴ്സാണ് റോഡിൽ വീണു പോയത്. മനോജിന്റെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൾ ബാലയെ സ്കൂളിൽ വിടാൻ ബൈക്കിൽ പോകുന്നതിനിടയിലാണ് പഴ്സ് വീണത്.
ഈ സമയം ഇതുവഴി സ്കൂളിലേക്കു നടന്നുവരികയായിരുന്ന സഹോദരികൾ പഴ്സ് വീഴുന്നത് കണ്ടെങ്കിലും അതെടുക്കാൻ ഇരുവരും പേടി മൂലം തയാറായില്ല. മനോജ് മകളെ സ്കൂളിൽ വിട്ടു തിരികെ വരുന്നതുവരെയും ഐഷ തയ്ബയും നൂറുൽ ഐനും പഴ്സിന് കാവൽ നിന്ന് ഉടമയെ ഏൽപ്പിച്ചതിന് ശേഷമാണ് ഇരുവരും തങ്ങൾ പഠിക്കുന്ന കെജിഎം എൽപി സ്കൂളിലേക്ക് പോയത്.
ഇരുവരെയും യുവധാര അന്തിക്കാടിന്റേയും അന്തിക്കാട് മഹല്ല് കമ്മിറ്റിയുടേയും നേതൃത്വത്തിൽ ശനിയാഴ്ച ആദരിക്കും.