ശീതകാലം തുടങ്ങി; മറയൂർ, കാന്തല്ലൂർ മേഖലയിൽ തണുപ്പും മൂടൽമഞ്ഞും
1481005
Friday, November 22, 2024 4:30 AM IST
മറയൂർ: കുളിർമയും പച്ചപ്പും നിറഞ്ഞ മറയൂർ മലനിരയിലെ കാന്തല്ലൂർ ഇപ്പോൾ തണുത്ത് വിറയ്ക്കുകയാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങൾ ശീതകാല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഡിസംബർ അവസാനത്തോടെ തണുപ്പ് സീറോ സെൽഷ്യസ് വരെ എത്തും. ഇതിന്റെ തുടക്കം ഇപ്പോൾത്തന്നെ അനുഭവപ്പെട്ടുതുടങ്ങി.
സമുദ്ര നിരപ്പിൽനിന്ന് 1550 മീറ്റർ വരെ ഉയരമുള്ള പ്രദേശമാണ് കാന്തല്ലൂർ. തെക്കൻ കാഷ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിൽ ആപ്പിൾ,കുങ്കുമപ്പൂ ഉൾപ്പെടെയുള്ള വിളകളും ശീതകാല പഴം - പച്ചക്കറിയും വിളയുന്ന പ്രദേശവും ആണ്. അതിനാൽ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രവുമാണ്.
ഇവിടത്തെ ഭൂപ്രകൃതിയും മറ്റു സവിശേഷതകളും പരിഗണിച്ച് രാജ്യത്ത് വേൾഡ് സ്ട്രീറ്റ് വില്ലേജ് ടൂറിസത്തിനുള്ള ഗോൾഡൻ പുരസ്കാരവും നേടിയിട്ടുണ്ട്. ഇരച്ചിൽപാറ, കച്ചാരം, അരുമ്പുളി വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റും ജീപ്പ് സവാരിയും ഇപ്പോൾ അനുഭവപ്പെടുന്ന കോടമഞ്ഞും ചാറ്റൽ മഴയും അപ്രതീക്ഷിതമായി എത്തുന്ന മൂടലും തണുപ്പും വിനോദസഞ്ചാരികൾക്ക് ഹരം പകരുന്നതാണ്.
അവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ഇപ്പോൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും സഞ്ചാരികളുടെ വർധന ഉണ്ടാകുന്നു. ഡിസംബറിലും പുതുവത്സര ആഘോഷത്തിനുമായി ഹോട്ടലുകളിലും റിസോർട്ടുകളിലും റൂമുകൾ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചു.