കൃഷിഭവനുകളിൽ സോഷ്യൽ ഓഡിറ്റിനു തുടക്കം
1481518
Sunday, November 24, 2024 3:42 AM IST
തൊടുപുഴ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സോഷ്യൽ ഓഡിറ്റിനു തുടക്കമായി. കാർഷിക വിജ്ഞാപനവ്യാപനം ലക്ഷ്യമിട്ടാണ് തെരഞ്ഞെടുത്ത കൃഷിഭവനുകളിൽ പദ്ധതി നടപ്പാക്കുന്നത്. 2022-23 ലാണ് സംസ്ഥാനതലത്തിൽ പദ്ധതി ആരംഭിച്ചത്. ജില്ലയിൽ പുറപ്പുഴ കൃഷിഭവനിലാണ് ആദ്യഘട്ടത്തിൽ ഓഡിറ്റ് സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം നാലു കൃഷിഭവനുകളിലാണ് പദ്ധതി നടപ്പാക്കിയത്. ഈ വർഷം ജില്ലയിൽ അഞ്ചു കൃഷിഭവനുകളിലാണ് സോഷ്യൽ ഓഡിറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ 70 കൃഷിഭവനുകളിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തും. പദ്ധതിക്കായി 25.3 കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ലക്ഷ്യങ്ങൾ
കൃഷിവകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി കൃഷിഭവനുകളെ ജനസൗഹൃദമാക്കുകയും കൃഷിക്കാരുമായി ഉദ്യോഗസ്ഥരുടെ ബന്ധം കൂടുതൽ ഉൗട്ടിയുറപ്പിക്കുകയും ചെയ്യും. കർഷക അവകാശങ്ങൾ സംരക്ഷിക്കുക, ഗുണഭോക്താക്കളുടെ വിവരം എല്ലാവരിലുമെത്തിക്കുക,
അഴിമതി ഇല്ലാതാക്കി കാര്യക്ഷമത ഉറപ്പാക്കുക , കൃഷി ഉദ്യോഗസ്ഥരുടെ പ്രഫഷണലിസം ഉപയോഗപ്പെടുത്തുക, കർഷകരും കൃഷി ഉദ്യോഗസ്ഥരും ചേർന്നുള്ള പ്രവർത്തനം ഉറപ്പു വരുത്തുക, നടപ്പാക്കുന്ന പദ്ധതികളിൽ കാലോചിതമായ മാറ്റം വേണമോ എന്നു പരിശോധിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
സോഷ്യൽ ഓഡിറ്റ് ടീം
കൃഷിഭവൻ സ്ഥിതിചെയ്യുന്ന പഞ്ചായത്തിനു പുറത്തുള്ള അംഗങ്ങളെ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സോഷ്യൽ ഓഡിറ്റ് ടീമിനെ രൂപീകരിക്കും. കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ അറിവുളള എട്ടു പേരുടെ ടീമാണ് രൂപീരിക്കുന്നത്. കൃഷി വകുപ്പിൽനിന്നു വിരമിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥൻ,
ഗുണഭോക്താക്കളുടെ പ്രതിനിധി, വനിത, പട്ടികജാതി-വർഗ പ്രതിനിധി, മൂന്ന് കർഷക പ്രതിനിധികൾ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത്. ഭരണപരമായ സഹായത്തിന് പഞ്ചായത്തിലെ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തണം.
പ്രവർത്തനങ്ങൾ
കൃഷിഭവനിൽനിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക, കർഷകർ, ഗുണഭോക്താക്കൾ എന്നിവരിൽനിന്നു വിവരം ശേഖരിക്കുക, ഗ്രൂപ്പ് ചർച്ച സംഘടിപ്പിക്കുക, വിവരശേഖരണത്തിന്റെയും ഗ്രൂപ്പ് ചർച്ചയുടെയും അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് നടത്തി റിപ്പോർട്ട് തയാറാക്കുക, റിപ്പോർട്ടിന് പഞ്ചായത്തിന്റെ അംഗീകാരം ലഭ്യമാക്കൽ എന്നിവയാണ് പ്രവർത്തനം. കൃഷിഭവൻ, ഗുണഭോക്താക്കൾ, കർഷക സമിതികൾ, വിവിധ രേഖകൾ എന്നിവയിൽ നിന്നു വേണം വിവരശേഖരണം നടത്താൻ.
സോഷ്യൽ ഓഡിറ്റിന്റെ ചുമതല പ്രിൻസിപ്പൽ കൃഷി ഓഫീസർക്കാണ്. കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ ബ്ലോക്ക് ഭരണസമിതിയുമായി ആലോചിച്ച് ഓഡിറ്റ് ടീമിന്റെ ലിസ്റ്റ് തയാറാക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നൽകണം.
സോഷ്യൻ ഓഡിറ്റ് ടീം രണ്ടു മാസത്തിനുള്ളിൽ വിവരശേഖരണം നടത്തി റിപ്പോർട്ട് നൽകണം. വിവര ശേഖരണത്തിനായി പ്രത്യേക ഫോറവും തയാറാക്കിയിട്ടുണ്ട്. ഓഡിറ്റിൽ പങ്കെടുക്കുന്നവർക്ക് ഓണറേറിയവും ലഭിക്കും. 10750 രൂപയാണ് ഒരു കൃഷിഭവന് ലഭിക്കുക.
അഗ്രോ ക്ലിനിക് സജീവമാക്കണം
മുൻ വർഷം നടപ്പാക്കിയ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ കൃഷി വ്യാപനത്തിന് കൃഷി ഉദ്യോഗസ്ഥർ സമയം കണ്ടെത്തുന്നില്ലെന്നാണ് വ്യക്തമായത്. ഇതു പരിഹരിക്കാൻ എല്ലാ കൃഷിഭവനുകളിലും അഗ്രോ ക്ലിനിക്കുകൾ സജീവമാക്കണമെന്നു നിർദേശമുണ്ട്.
കൃഷി അസിസ്റ്റന്റുമാരുടെ നേതൃത്വത്തിൽ വാർഡു തലത്തിൽ ഒരു തവണയെങ്കിലും അഗ്രോ ക്ലിനിക്ക് സംഘടിപ്പിക്കുകയും കൃഷി ഓഫീസർമാർ മാസത്തിൽ ഒരു തവണയെങ്കിലും സന്ദർശിക്കുകയും ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
കൃഷിഭവൻവഴി നടപ്പാക്കുന്ന പദ്ധതികൾ, പരിശീലന പരിപാടികൾ, കീടരോഗ ബാധയും പരിഹാര മാർഗങ്ങൾ തുടങ്ങിയവയും അഗ്രോ ക്ലിനിക് വഴി സംഘടിപ്പിക്കണം.