കാലാവസ്ഥാ വ്യതിയാനം, അതിതീവ്രമഴ, മണ്ണിടിച്ചിൽ: സെമിനാർ 26ന്
1481528
Sunday, November 24, 2024 3:56 AM IST
നെടുങ്കണ്ടം: കാലാവസ്ഥ വ്യതിയാനം, അതിതീവ്രമഴ, മണ്ണിടിച്ചിൽ എന്നിവ സംബന്ധിച്ച സെമിനാർ 26നു രാവിലെ പത്തു മുതൽ നെടുങ്കണ്ടം ലയൺസ് ഹാളിൽ നടക്കും. കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെയും നെടുങ്കണ്ടം സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടേയും നേത്യത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
മന്ത്രി റോഷി അഗസ്റ്റിയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. എം.എം മണി എംഎൽഎ അധ്യക്ഷത വഹിക്കും. സംസ്ഥാന ദുരന്തനിവാരണ അഥോറ്റിറ്റി വിദഗ്ധ അംഗവും കില മുൻ ഡയറക്ടറുമായ ഡോ. ജോയി ഇളമൺ, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല അധ്യാപകനും അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് സെന്റർ ശാസ്ത്രജ്ഞനുമായ ഡോ. അജിൽ കോട്ടായിൽ,
വയനാട് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ്, കോട്ടയം മീനച്ചിൽ റിവർ ആൻഡ് റെയിൻ മോണിറ്ററിംഗ് നെറ്റ് വർക്ക് കോ-ഓർഡിനേറ്റർ എബി ഇമ്മാനുവൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാകുന്നേൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീജി ജാൻസൺ, ജോസ് തെക്കേക്കുറ്റ്, ഇടുക്കി റെയിൻ സിറ്റിസൺ മോണിറ്ററിംഗ് പദ്ധതി കോ-ഓർഡിനേറ്റർ സക്കറിയ ഞാവള്ളിൽ എന്നിവർ മുഖാമുഖം പരിപാടിക്ക് നേതൃത്വം നൽകും.
കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളായ സ്റ്റെനി നെടുമ്പുറം, പി.ആർ സന്തോഷ്, സ്വരുമ ഭാരവാഹികളായ കെ.സി സെബാസ്റ്റ്യൻ, ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സെമിനാറിനു നേതൃത്വം നൽകും.