റവന്യുജില്ലാ സ്കൂള്‍ കലോത്സവം 26 മുതല്‍
1481531
Sunday, November 24, 2024 3:56 AM IST
കട്ടപ്പന: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 27 മുതല്‍ 30 വരെ കഞ്ഞിക്കുഴിയില്‍ നടക്കും. കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എന്‍വി എച്ച്എസ് എസാണ് പ്രധാന വേദി. 26നു രാവിലെ പത്തിന് മന്ത്രി റോഷി അഗസ്റ്റിന് കലോത്സവം ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സെന്റ് മേരീസ് എല്‍ പി സ്കൂള്‍, കഞ്ഞിക്കുഴി പാരിഷ് ഹാള്‍, മിനി പാരിഷ് ഹാള്‍, അപ്പൂസ് ഹാള്‍, വിഎച്ച്എസ്ഇ ബില്‍ഡിംഗ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പത്തു വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഏഴ് ഉപജില്ലകളില്‍ നിന്നായി 4500ലേറെ കലാപ്രതിഭകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കും. പാലിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, മംഗലംകളി, പണിയനൃത്തം എന്നീ ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനം 30ന് വൈകുന്നേരം സർക്കാർ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും.
അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് ഡിഡിഇ എസ്. ഷാജി, ഡിഇഒ മണികണ്ഠന്, എഇഒ യശോധരന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആറ്റ്ലി, ദീപു ജേക്കബ്, ജോസുകുട്ടി ചക്കാലയില്‍, ജോര്‍ജ് ജേക്കബ്, ആനന്ദ് എ. കോട്ടിരി, ഷൈന്‍ ജോസ്, ഷാജിമോന്‍ എന്നിവര്‍ അറിയിച്ചു.