കൗണ്‍സിൽ തീരുമാനം ഒഴിവാക്കി ഡിപിസിക്ക് സമർപ്പിച്ച സംഭവം: ചെയർപേഴ്സണെതിരേ വൻ പ്രതിഷേധം
1481519
Sunday, November 24, 2024 3:42 AM IST
തൊടുപുഴ: വാർഷിക പദ്ധതി ഭേദഗതിയിൽ കൗണ്‍സിൽ തീരുമാനിച്ച പദ്ധതികൾ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തി ഡിപിസിക്ക് സമർപ്പിച്ച സംഭവത്തിൽ നഗരസഭാ കൗണ്‍സിലിൽ ചെയർപേഴ്സണെതിരെ വൻ പ്രതിഷേധം. ഇതേത്തുടർന്ന് ഇന്നലെ രാവിലെ ചേർന്ന കൗണ്‍സിൽ യോഗം അജൻഡ ചർച്ച ചെയ്യാനാകാതെ പിരിഞ്ഞു.
സിപിഎം ഭരിക്കുന്ന നഗരസഭയിൽ പാർട്ടി അംഗമായ ആർ.ഹരിയാണ് ചെയർപേഴ്സണെതിരേ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നീട് കോണ്‍ഗ്രസിലെ കെ. ദീപക്, നീനു പ്രശാന്ത്, മുൻ ചെയർമാൻ സനീഷ് ജോർജ്, ബിജെപി അംഗം ടി.എസ്. രാജൻ, മുസ്ലിംലീഗിലെ എം.എ.കരീം തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തി.
കൗണ്‍സിലിൽ എടുക്കുന്ന തീരുമാനങ്ങൾ അട്ടിമറിക്കുന്ന നടപടി മുനിസിപ്പൽ ചട്ടങ്ങൾക്കെതിരാണെന്ന് ആർ. ഹരി പറഞ്ഞു. പിന്നാലെയാണ് യുഡിഎഫ്, ബിജെപി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൗണ്‍സിൽ എടുത്ത തീരുമാനത്തിനു വിരുദ്ധമായി ആറോളം പദ്ധതികളിൽ ഭേദഗതി വരുത്തി ഡിപിസിക്ക് അയച്ചത് ഗുരുതരമായ ക്രമക്കേടാണെന്നും കൗണ്‍സിൽ തീരുമാനം മാറ്റാൻ ചെയർപേഴ്സണോ സെക്രട്ടറിക്കോ അധികാരമില്ലെന്നും യുഡിഎഫ് അംഗം കെ. ദീപക്ക് പറഞ്ഞു. കൗണ്‍സിലിൽ എടുത്ത തീരുമാനം അട്ടിമറിച്ചതിൽ ചെയർപേഴ്സണ്‍ വിശദീകരണം നൽകണമെന്ന് മുൻ ചെയർമാൻ സനീഷ് ജോർജും ആവശ്യപ്പെട്ടു. കൗണ്‍സിൽ തീരുമാനം മാറ്റിയ സംഭവം നഗരസഭയുടെ ചരിത്രത്തിൽ ആദ്യമാണെന്ന് ബിജെപി അംഗം ടി.എസ്. രാജൻ പറഞ്ഞു.
പ്രതിഷേധത്തിനൊടുവിൽ തനിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് ചെയർപേഴ്സണ്‍ വിശദീകരിച്ചെങ്കിലും അംഗങ്ങൾ തൃപ്തരായില്ല. പദ്ധതി മാറ്റിയതിൽ തനിക്ക് പങ്കില്ലെന്നും നഗരസഭ എക്സിക്യൂട്ടീവ് എൻജിനിയറാണ് ഉത്തരവാദിയെന്നും മുനിസിപ്പൽ സെക്രട്ടറി കൗണ്‍സിലിൽ പറഞ്ഞു. തുടർന്ന് അജൻഡ ചർച്ച ചെയ്യാതെ കൗണ്‍സിൽ പിരിഞ്ഞു.
ഉച്ചകഴിഞ്ഞു ചേർന്ന സ്പെഷൽ കൗണ്‍സിൽ യോഗത്തിൽ കഴിഞ്ഞ 11നു ചേർന്ന കൗണ്‍സിൽ തീരുമാനം അതേപടി നടപ്പാക്കാൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചെയർപേഴ്സണ്‍ സബീന ബിഞ്ചു കൗണ്‍സിൽ തീരുമാനത്തിനു വിരുദ്ധമായി പ്രോജക്ടുകൾ മാറ്റിക്കൊടുത്തത് തനിക്കു പറ്റിയ തെറ്റാണെന്നു സമ്മതിച്ചു . ഇതെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് 11ലെ കൗണ്‍സിൽ തീരുമാനം അതേ പടി ചെറിയ ഭേദഗതികളോടെ വീണ്ടും ഡിപിസിക്ക് സമർപ്പിക്കാൻ തീരുമാനിച്ചു.
നഗരസഭയിൽ സ്വന്തമായി കെട്ടിടമില്ലാത്ത 30, 33 വാർഡുകളിലെ അങ്കണവാടികളുടെ നിർമാണത്തിന് 10 ലക്ഷം രൂപ വീതം വകയിരുത്താനും. ഇത് ബഹുവർഷ പദ്ധതി ആക്കുന്നതിനും കൗണ്‍സിൽ എടുത്ത തീരുമാനം മിനിറ്റ്സിൽ ഉൾപ്പെടുത്താതെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിരുന്നു ഇത് അതേപോലെ നടപ്പാക്കാൻ തീരുമാനിച്ചു.
ഹാപ്പിനസ് പാർക്ക് പദ്ധതിക്ക് വകയിരുത്തിയ നാലു ലക്ഷം രൂപ ചെയർപേഴ്സന്റെ അഭ്യർഥന പ്രകാരം ഇവരുടെ വാർഡിലെ പാലം നിർമിക്കാൻ അനുമതി നൽകി. വെങ്ങല്ലൂരിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിനും തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ അഞ്ചുകോടിയുടെ പദ്ധതിവഴി നഗരസഭാ പാർക്ക് നവീകരണവും പാർക്കിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് മഴവിൽ പാലവും നിർമിക്കുന്നതിനായി പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 10 ലക്ഷം രൂപ നീക്കിവയ്ക്കാനും തീരുമാനിച്ചു.
നഗരസഭാ കൗണ്‍സിൽ തീരുമാനം മാറ്റിമറിച്ച് വേറേ പദ്ധതി സമർപ്പിച്ചതിനെതിരേ കൗണ്‍സിലർമാർ നൽകിയ പരാതിയെ ത്തുടർന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകാതെ മാറ്റി വച്ചിരുന്നു. ഇതാണ് പുതിയ തീരുമാനപ്രകാരം വീണ്ടും ഡിപിസിക്ക് സമർപ്പിക്കാൻ തീരുമാനിച്ചത്.