ഓട്ടോ ഡ്രൈവറുടെ അവസരോചിത ഇടപെടൽ: ഏലയ്ക്ക മോഷ്ടാവ് പിടിയിലായി
1481823
Monday, November 25, 2024 3:24 AM IST
രാജകുമാരി: അച്ഛനും മകനും ചേർന്ന് ഏലയ്ക്ക മോഷ്ടിച്ച കേസിൽ മകൻ അറസ്റ്റിൽ. പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറിൽനിന്നു കഴിഞ്ഞ 17ന് രാത്രി മൂന്നു ലക്ഷത്തിലധികം രൂപ വില വരുന്ന മൂന്നു ചാക്ക് ഏലയ്ക്ക മോഷ്ടിച്ച കേസിലാണ് കാമാക്ഷി വലിയപറന്പിൽ വിപിൻ(22) അറസ്റ്റിലായത്.
വിപിനും പിതാവ് ബിജുവും ചേർന്നാണ് മോഷണം നടത്തിയത്. ബിജു ഒളിവിലാണ്. അണക്കര സ്വദേശിയുടെ സ്റ്റോറിൽനിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലയ്ക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെത്തുടർന്ന് ശാന്തൻപാറ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഓട്ടം വിളിക്കുകയും പേത്തൊട്ടിയിൽനിന്ന് ഏലയ്ക്ക കൊണ്ടുപോകാനാണെന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ ജോയി ഓട്ടം പോയില്ല.
രാത്രിയിൽ പതിവ് പരിശോധനയ്ക്കെത്തിയ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. ജോയിയെ ഓട്ടം വിളിച്ചയാൾ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു പോയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡിൽവച്ച് പ്രതി ബൈക്കിൽ ഒരു ചാക്ക് ഏലയ്ക്കായുമായി പോകുന്നത് കണ്ടു. പോലീസിനെ കണ്ടയുടൻ പ്രതി ബൈക്ക് മറിച്ചിട്ടശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി.
ഇയാൾ ഉപേക്ഷിച്ചുപോയ ബാഗിൽനിന്നുമാണ് പ്രതിയുടെ പേരും വിലാസവും പോലീസിന് ലഭിച്ചത്. ബാഗിൽ ഉണ്ടായിരുന്ന വാഹന വിൽപന കരാറിൽ വിപിന്റെ ഫോണ് നന്പറുണ്ടായിരുന്നു. ഫോണ് നന്പർ ട്രേസ് ചെയ്തപ്പോൾ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തിൽ ഇയാൾ പോകുന്നതായി കണ്ടെത്തി.
തുടർന്ന് പോലീസ് സംഘം വാഹനത്തിൽ വെള്ളത്തൂവൽ പവർഹൗസ് ഭാഗത്തുവച്ച് ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.