യുഡിഎഫ് ഭരണഘടന സംരക്ഷണ ദിനാചരണം 26ന്
1481838
Monday, November 25, 2024 3:35 AM IST
തൊടുപുഴ: ഭരണഘടനയെ അട്ടിമറിക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനുമുള്ള ശ്രമം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണഘടനയ്ക്ക് രാജ്യം അംഗീകാരം നൽകിയതിന്റെ 75ാം വാർഷികം ആചരിക്കുന്ന 26ന് യുഡിഎഫ് സംസ്ഥാനവ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും.
ഇതിന്റെ ഭാഗമായി തൊടുപുഴയിലെ ഭരണഘടന സംരക്ഷണ സദസ് അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ചിന്ന ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ചെയർമാൻ ജോയി വെട്ടിക്കുഴി, കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ് എന്നിവർ അറിയിച്ചു.
പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ. സി.കെ. വിദ്യാസാഗർ ഭരണഘടനാ സംരക്ഷണ പ്രഭാഷണം നടത്തും. ഭരണഘടനയുടെ ആമുഖം വായിച്ച് സദസിന് തുടക്കം കുറിക്കും. ഭരണഘടന ശില്പികളെ യോഗത്തിൽ അനുസ്മരിക്കും.
അഡ്വ. എസ്. അശോകൻ, അഡ്വ. ഇ.എം. ആഗസ്തി, അഡ്വ. ജോസഫ് ജോണ്‍, ടി.എം. സലിം, റോയി കെ. പൗലോസ്, അഡ്വ. ജോയി തോമസ്, സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിക്കും.