റോഡ് കൈയേറി കച്ചവടം : കൊടുംവളവിൽ അപകടം പതിവാകുന്നു
1481826
Monday, November 25, 2024 3:24 AM IST
വണ്ണപ്പുറം: ചേലച്ചുവട് -വണ്ണപ്പുറം റോഡിൽ മാർസ്ലീവാ പള്ളിക്കു മുൻവശത്തുള്ള കൊടും വളവിൽ അപകടം പതിവാകുന്നു. ഇവിടെ റോഡു കൈയേറി സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടകളാണ് അപകടത്തിനു കാരണമാകുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ബസിന് സൈഡ് നൽകുന്നതിനിടയിൽ പള്ളിയുടെ നേർച്ചപ്പെട്ടിയുടെ ഒരുഭാഗം കാറിടിച്ചു തകർന്നിരുന്നു. മുൻപ് ഈ ഭാഗത്ത് റോഡിന് വീതി കുറവായിരുന്നു.
ഇതുമൂലം സ്ഥിരമായി അപകടം ഉണ്ടാകാൻ തുടങ്ങിയതോടെ റോഡിന് വീതി കൂട്ടുന്നതിനായി പള്ളി സൗജന്യമായി സ്ഥലം വിട്ടുനൽകിയിരുന്നു. ഇതോടെ ഈ ഭാഗത്തെ അപകടസാധ്യത കുറഞ്ഞു. എന്നാൽ റോഡിന് വീതി കൂട്ടിയ ഭാഗം കൈയേറി നിരവധി പെട്ടിക്കടകൾ സ്ഥാപിച്ചു. ഇതോടെയാണ് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് തടസം നേരിട്ടു തുടങ്ങിയത്.
റോഡു കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കണമെന്നാവശ്യ പ്പെട്ട് മാർസ്ലീവ പള്ളി വികാരി റവ.ഡോ. ജിയോ തടിക്കാട്ട് പൊതുമരാമത്തുവകുപ്പ് അധികൃതർക്ക് നിവേദനം നൽകി.