കുമളിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
1481827
Monday, November 25, 2024 3:24 AM IST
കുമളി: കുമളിപട്ടണവും പ്രാന്ത്രപ്രദേശങ്ങളും തെരുവ് നായ്ക്കളുടെ പിടിയിലാണ്. പട്ടാപ്പകൽപോലും കാട്ടു മൃഗങ്ങളിൽനിന്ന് രക്ഷനേടാനുള്ള വഴി ജനം ചിന്തിക്കുന്പോഴാണ് തെരുവ് നായ്ക്കൾ കുമളി ടൗണിലും പ്രാന്ത പ്രദേശങ്ങളിലും ശല്യമായി മാറിയിരിക്കുന്നത്. കുമളി ടൗണിൽ നായ്ക്കളെ തട്ടാതെ നടക്കാനാകാത്ത അവസ്ഥയായി.
കുമളി സ്കൂളിന് മുൻവശത്തുനിന്ന് തേക്കടിക്കവലയിലേക്കുള്ള ഇടവഴിയിൽ പകൽപോലും തെരുവു നായ്ക്കളെ ഭയന്ന് സഞ്ചരിക്കാൻ വയ്യാത്ത സ്ഥിതിയാണ്. അപരിചിതരേയും കുട്ടികളേയും നായ്ക്കൾ സംഘം ചേർന്ന് ആക്രമിക്കുന്നതും പതിവാണ്. റോസാപ്പൂക്കണ്ടം, താമരക്കണ്ടം, ആദിവാസിക്കോളനി റോഡ്, അട്ടപ്പള്ളം, ഒന്നാംമൈൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നായ്ക്കളുടെ നിരതന്നെ സ്ഥിരം കാഴ്ചയാണ്.
കുമളി ടൗണിലെ അടക്കം നിർമാണത്തിലിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ കെട്ടിടങ്ങളും കുറ്റിക്കാടുകളുമാണ് നായ്ക്കളുടെ സങ്കേതങ്ങൾ. മത്സ്യ - മാംസ വില്പന ശാലകളുടെ പരിസരത്തും പഞ്ചായത്തിന്റെ മാലിന്യനിർമാർജന കേന്ദ്രത്തിന് സമീപവും നായ്ക്കളുടെ കൂട്ടങ്ങൾതന്നെയുണ്ട്.
തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തും ആരംഭിച്ചിട്ടില്ല. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടി, കേരള - തമിഴ്നാട് അതിർത്തി, ശന്പരിമല ഇടത്താവളം എന്ന നിലയിൽ ആയിരക്കണക്കിന് ജനങ്ങൾ വന്നുപോകുന്ന ഇടമാണ് നായ്ക്കളുടെ അഴിഞ്ഞാട്ട സ്ഥലമായി മാറിയിരിക്കുന്നത്.
ലഘു ഭക്ഷണങ്ങളുമായി നടന്നുപോകുന്ന വിദേശികളടക്കമുള്ള സഞ്ചാരികളുടെ മുന്നിലും പിന്നിലും നായ്ക്കൾ കൂട്ടമായി എത്തുന്നത് സ്ഥിരം കാഴ്ചയാണ്. വനത്തിനുള്ളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ കടിയേറ്റ് പെരിയാർ ടൈഗർ റിസർവിൽ പേ വിഷ ബാധയേറ്റ് വന്യജീവികൾക്ക് ജീവൻ നഷ്ടമാകുന്ന അവസ്ഥ ഉണ്ടെങ്കിലും ഇതിനു പരിഹാരം കാണാൻ കടുവ സംരക്ഷണ കേന്ദ്രമെന്ന നിലയിൽ വനംവകുപ്പും പെരിയാർ ഫൗണ്ടേഷനും നടപടികൾ സ്വീകരിക്കുന്നില്ല.