ജില്ലാ പുസ്തകോത്സവവും സെമിനാറും 27 മുതൽ
1481524
Sunday, November 24, 2024 3:42 AM IST
തൊടുപുഴ: ജില്ലാ ലൈബ്രറി കൗണ്‍സിൽ വികസനസമിതി നടത്തുന്ന പുസ്തകോത്സവം 27 മുതൽ 29 വരെ തൊടുപുഴ വെങ്ങല്ലൂർ ഷെറോണ് കൾച്ചറൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 40 പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ജില്ലയിലെ 250 -ലേറെ ലൈബ്രറികൾക്കും വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുതിയ പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും.
27നു രാവിലെ പത്തിന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ആർ.തിലകൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചു വിശിഷ്ട വ്യക്തികളെ ആദരിക്കും. ലൈബ്രറി കൗണ്‍സിൽ എക്സിക്യുട്ടീവംഗം കെ.എം.ബാബു ആദ്യവിൽപന നിർവഹിക്കും.
28നു രാവിലെ പത്തിന് നിർമിത ബുദ്ധി സംബന്ധിച്ച സെമിനാർ ഡോ.അഡോണി ടി.ജോണ്‍ നയിക്കും. ഉച്ച കഴിഞ്ഞ് 3.30ന് കേരള നവോത്ഥാനവും കുമാരനാശാനും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സംസ്ഥാന വിജ്ഞാന കോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് , ബാബു പള്ളിപ്പാട്ട്, കെ.ആർ.സോമരാജൻ, കെ.ജയചന്ദ്രൻ എന്നിവർ ചർച്ച നയിക്കും.
പ്രഫ.ജോസഫ് അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.30ന് നവകേരള സൃഷ്ടിയിൽ കഥാപ്രസംഗകല പകർന്ന ആത്മവീര്യം എന്ന വിഷയത്തിൽ കെ.സി.സുരേന്ദ്രൻ പ്രഭാഷണം നടത്തും.
വഴിത്തല വർഗീസ് രചിച്ച ഹുമന്നാസിന്റെ വംശാവലി, ദീപക് ശങ്കർ എഴുതിയ ജാജ്വല്യമാനം, ദാവീദിന്റെ പുസ്തകം എന്നീ നോവലുകളുടെ പ്രകാശനം കഥാകാരൻ വി.ആർ.സുധീഷ് നിർവഹിക്കും. വിവിധ വിഷയങ്ങളിൽ സെമിനാറും നടക്കും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ.എം. ബാബു, ടി.ആർ. സോമൻ, പി.കെ. സുകുമാരൻ, ജോർജ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.