അടിമാലി ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതി തുടര്പരിപാലനമില്ലാതെ നശിക്കുന്നു
1481825
Monday, November 25, 2024 3:24 AM IST
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ അടിമാലി ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതി തുടര്പരിപാലനമില്ലാതെ നശിക്കുന്നു. അടിമാലി ടൗണിനെയാകെ പ്രകാശപൂരിതമാക്കാനും ടൗണിനെ കൂടുതല്‍ വൃത്തിയുള്ളതാക്കാനും ലക്ഷ്യമിട്ടായിരുന്നു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതി നടപ്പിലാക്കിയത്. എ. രാജ എംഎല്‍എ ഉദ്ഘാടനം നിര്വഹിച്ചായിരുന്നു പദ്ധതിയുടെ തുടക്കം.
പദ്ധതി യാഥാര്‍ഥ്യമായെങ്കിലും വര്‍ഷങ്ങളായി പരിപാലനങ്ങൾ ഇല്ലാതായതോടെ പദ്ധതി നശിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൂച്ചെടികള്‍ പൂര്‍ണമായി നശിച്ചു. ടൗണിനെ പ്രകാശപൂരിതമാക്കാന്‍ സ്ഥാപിച്ച ലൈറ്റുകൾ അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ അവയും നാശത്തിന്റെ വക്കിലാണ്.
ടൗണിന്റെ വിവിധ ഇടങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും വിളക്കു തൂണുകളില്‍ അലങ്കാരച്ചെടികളും വേസ്റ്റ് ബോക്സും ഘടിപ്പിച്ചായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ 84 വഴിവിളക്കുകളും അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ബോക്സുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.
സോളാര്‍ എനര്ജിയിലൂടെയാണ് ലൈറ്റുകളുടെ പ്രവര്‍ത്തനം. രാത്രികാലത്ത് വൈദ്യുതി തടസമുണ്ടായാലും ടൗണിനെ പ്രകാശപൂരിതമാക്കാനിത് സഹായകമായിരുന്നു. ഈ പദ്ധതിയാണിപ്പോള്‍ നശിച്ചുകൊണ്ടിരിക്കുന്നത്.