പൊറോട്ടാ മേക്കറില്നിന്നു ഫാഷന്‍ റാംപുകളിലേക്ക് ചുവടുവച്ച് നേപ്പാള്‍ സ്വദേശി
1481824
Monday, November 25, 2024 3:24 AM IST
നെടുങ്കണ്ടം: ഫാഷന്‍ റാംപുകളില്‍ തരംഗമാകുകയാണ് നെടുങ്കണ്ടംകാരുടെ അക്കോസേട്ടനായ നേപ്പാള്‍ സ്വദേശി അക്കല് ടൈല(22) എന്ന പൊറോട്ടാ മേക്കര്‍. പൊറോട്ടകള്‍ വീശിയടിക്കുമ്പോഴും ഫാഷന്‍ റാംപുകളാണ് ഈ ചെറുപ്പക്കാരന്റെയുള്ളില്‍. മോഡലിംഗിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് അക്കലിനെ റാംപുകളില്‍ എത്തിച്ചത്.
നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ അല്ലൂസ് തട്ടുകടയില്‍ പൊറോട്ടയും ദോശയും ഓംലൈറ്റുമൊക്കെ ഒരുക്കുന്ന ഈ ചെറുപ്പക്കാരന് ഇപ്പോള്‍ ഫാഷന്‍ റാപുകളിലെ താരമാണ്. നിരവധി ഫാഷന്‍ ഷോകളില്‍ ഇതിനകം പങ്കെടുത്ത അക്കല്, കഴിഞ്ഞയിടെ എറണാകുളത്ത് നടന്ന ഫാഷന്‍ സൂം മത്സരത്തില്‍ കോണ്‍ഫിഡന്റ് ഐക്കണായും തെരഞ്ഞെടുക്കപ്പെട്ടു. പരസ്യ ചിത്രങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നേപ്പാള്‍ ധംഗധിയില്നിന്നു ജ്യേഷ്ഠനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് അക്കല് നെടുങ്കണ്ടത്ത് എത്തിയത്. മാതാപിതാക്കള്‍ പിന്നീട് തിരികെ പോയെങ്കിലും അക്കലും ജ്യേഷ്ഠനും നെടുങ്കണ്ടംകാരായി മാറി. നന്നായി മലയാളം സംസാരിക്കും. തുടക്കം മുതല്‍ ഹോട്ടല്‍ ജോലികളായിരുന്നു ചെയ്ത് വന്നിരുന്നത്. ഇതിനിടെ പൊറോട്ട അടിക്കാനും പഠിച്ചു.
എന്നാല്‍, ഹോട്ടല്‍ ജോലിക്കിടയിലും തന്റെ മോഡലിംഗ് സ്വപ്നം വിട്ടുകളായാന്‍ ഈ ചെറുപ്പക്കാരന് തയാറായിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് സ്വപ്ന സാക്ഷാത്കാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കഠിനമായ പരിശീലനത്തിലൂടെയും അവസരങ്ങൾക്കായുള്ള പരിശ്രമങ്ങളിലൂടെയുമാണ് അക്കല് റാംപിലെത്തിയത്. നിരവധി പരസ്യ ബോര്‍ഡുകളിലും അക്കലിന്റെ മുഖമുണ്ട്.
ഏറ്റവും ഒടുവിലായി മോഹന്‍ലാല്‍ ബ്രാൻഡ് അംബാസഡറായ ഉത്പന്നത്തിന്റെ വീഡിയോ പരസ്യത്തിലും അക്കല് മുഖം കാണിച്ചു. വരുമാനത്തിന്റെ നല്ലൊരു പങ്കും ആരോഗ്യ - സൗന്ദര്യ സംരക്ഷണത്തിനായാണ് അക്കല് ചെലവഴിക്കുന്നത്.
അല്ലൂസ് തട്ടുകട ഉടമ അല്‍ അമീനും സുഹൃത്തുക്കളും നല്കുന്ന പിന്തുണയാണ് അക്കലിന്റെ മുതല്‍ക്കൂട്ട്. ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ അക്കല് പോകുമ്പോള്‍ കട അടച്ചിടേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. ജീവിതം കരുപ്പിടിപ്പിക്കാന്‍ കേരളം നല്കിയ കരുത്ത് മോഡലിംഗിലെ തന്റെ സ്വപ്നങ്ങള്‍ നേടാനും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ നേപ്പാളി യുവാവ്.