അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
1481846
Monday, November 25, 2024 3:48 AM IST
ജോയി കിഴക്കേൽ
തൊടുപുഴ: മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നടന്നാൽ ഫലവൃക്ഷങ്ങളുടെ ഒരു നീണ്ടനിര നമ്മുടെ മുന്നിൽ ദൃശ്യമാകും. വെള്ളിയാമറ്റത്താണ് സജിയുടെ കൃഷിത്തോട്ടം. ഡ്രാഗണ്‍ ഫ്രൂട്ടാണ് പ്രധാന ഫലവൃക്ഷയിനം.
അവക്കാഡോ, അബിയൂ, സപ്പോട്ട, മംഗോസ്റ്റിൻ, മിൽക്ക് ഫ്രൂട്ട്, ഫുലാസാൻ, റംബൂട്ടാൻ, ദുരിയാൻ, മിറക്കിൾ ഫ്രൂട്ട് , മരമുന്തിരി, വിവിധയിനം മാവ് എന്നിവയുൾപ്പെടെ 75 സെന്റ് സ്ഥലത്താണ് സജിയുടെ ഫലവൃക്ഷത്തോട്ടം. ഇതിനുപുറമേ ജാതി, കരിമുണ്ടയിനം കുരുമുളക്, കമുക് തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. അഞ്ചേക്കർ തോട്ടത്തിൽ കൃഷിയും പരിപാലനവുമായി ഇഴുകിച്ചേർന്ന ജീവിതമാണ് സജിയുടേത്.
പഴവർഗ കൃഷിയിലേക്ക്
റബറിന് വില കുറഞ്ഞതോടെയാണ് ഫലവൃക്ഷ കൃഷിയിലേക്ക് സജി തിരിഞ്ഞത്. 2022-ലാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. കള്ളിമുൾച്ചെടിയുടെ വർഗത്തിൽപ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട്, മറ്റ് പഴവർഗങ്ങൾ എന്നിവയെക്കുറിച്ച് മികച്ച കർഷകരുമായി സംസാരിച്ചും തോട്ടങ്ങൾ സന്ദർശിച്ചും പഠിച്ചശേഷമായിരുന്നു തുടക്കം.
മലേഷ്യൻ റോയൽ റെഡ് ഇനത്തിൽപ്പെട്ട ചുവപ്പ് നിറമുള്ള 110 ഡ്രാഗണ്‍ ഫ്രൂട്ടാണ് ഈ കർഷകന്റെ കൃഷിയിടത്തിലുള്ളത്. ഉള്ളിലെ മാംസളമായ ഭാഗത്തിന് പിങ്ക് നിറമാണ്. റാന്നിയിലുള്ള റിട്ട. ബാങ്ക് ജീവനക്കാരനായ ജോസഫിന്റെയും കുമാരമംഗലം സ്വദേശിനിയായ അനിറ്റ ടീച്ചറിന്റെയും പക്കൽനിന്നാണ് തൈ ശേഖരിച്ചത്.
നടീലും പരിചരണവും
ചൂടുള്ള കാലാവസ്ഥയും ജൈവാംശമുള്ള മണ്ണുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന് അനുയോജ്യം. കൃഷിക്കായി മണ്ണ് നന്നായി കിളച്ച് നിലം ഒരുക്കണം. ആദ്യം തൈ നടുന്നതിനുമുന്‍പ് തൂണുകൾ സ്ഥാപിക്കും. പിന്നീട് കപ്പയുടെ ഉടലെടുക്കുന്നതുപോലെ തൂണിനോടു ചേർന്ന് ഒരു മീറ്റർ ചുറ്റളവിൽ മണ്ണ് കൂന കൂട്ടും.
തൂണിന്റെ നാലു വശത്തമായി ഒരിഞ്ചു താഴ്ത്തി തൈകൾ നടും. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഉണക്ക ചാണകപ്പൊടിയും ചേർത്ത് കുഴി മൂടിയാണ് നടുന്നത്. കുഴികൾ തമ്മിൽ ഏഴടിയും വരികൾ തമ്മിൽ ഒന്പതടിയും അകലത്തിലാണ് തൈ നടുന്നത്. മറ്റു ചെടികൾക്ക് നൽകുന്നതുപോലെ ഇതിന് ജലസേചനം ആവശ്യമില്ല.
വേനൽക്കാലത്ത് ചെറിയ നന മതി. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വളം നൽകും. ചാണകം പുളിപ്പിച്ച് ഒഴിച്ചുകൊടുക്കുന്നതിനു പുറമെ കോഴിവളവും നൽകും.
വിളവെടുപ്പ്
മാർച്ച്, ജൂലൈ കാലയളവിലാണ് ചെടികളിൽ പൂക്കൾ ഉണ്ടാകുന്നത്. വൈകുന്നേരം വിരിഞ്ഞു തുടങ്ങുന്ന പൂക്കൾ പിറ്റേദിവസം രാവിലെ ചുരുങ്ങും. കായ് പിടിത്തം കൂടാനും മികച്ച വിളവ് ലഭിക്കാനും പരാഗണം ആവശ്യമാണ്. തേനീച്ചകളും ശലഭങ്ങളുമാണ് പ്രധാനമായും പരാഗണം നടത്തുന്നത് . പൂക്കൾ വിരിഞ്ഞ് 28-32 ദിവസങ്ങൾക്കകം പഴങ്ങൾ വിളവെടുക്കാം. ഒരു ചെടിയിൽനിന്ന് ആറു പ്രാവശ്യം വരെ വിളവു ലഭിക്കും. ഒരു പഴത്തിന് 400 മുതൽ 700 ഗ്രാം വരെ തൂക്കം ഉണ്ടാകും.
പോഷകസമൃദ്ധം
പോഷക ഗുണങ്ങളാൽ സന്പന്നമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഈ പഴം പ്രമേഹം, കൊളസ്ട്രോൾ, സന്ധിവേദന, ആസ്തമ എന്നിവയ്ക്ക് ശമനം നൽകാൻ ഉത്തമം. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
കാത്സ്യം, ധാതുലവണങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ക്ഷീണമകറ്റാനും ശരീരത്തിന് കുളിർമ പകരാനും അത്യുത്തമം. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുമെന്നതിനാൽ ഇതിനു നല്ല ഡിമാൻഡാണ്.
വിപണിയും ഉപയോഗവും
പ്രാദേശിക മാർക്കറ്റുകളിലാണ് സജി കൂടുതലായും വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 150 രൂപ മുതൽ മുകളിലേക്ക് ലഭിക്കും. വീട്ടിലെത്തി പഴങ്ങൾ വാങ്ങുന്നവരും ഉണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പുറംതൊലി കളഞ്ഞ് കഷണങ്ങളാക്കി നേരിട്ട് ഭക്ഷിക്കാം.
ഇതിനുപുറമേ ഷേക്ക് ഉണ്ടാക്കി കഴിക്കാം. സലാഡിൽ ചേർത്താൽ രുചിയേറും. കേക്ക് നിർമാണത്തിനും ചില ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും ചേരുവയായി ഇതുപയോഗിച്ചുവരുന്നു. ഭാര്യ: ഷിമ്മി, മക്കൾ: റോസന്ന, റോഷൻ.