ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ സമരം നടത്തും
1481522
Sunday, November 24, 2024 3:42 AM IST
കട്ടപ്പന: ഇരട്ടയാർ-ശാന്തിഗ്രാം പാലത്തിലൂടെ ഒന്നര മാസം പിന്നിട്ടിട്ടും ഗതാഗതം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഇരട്ടയാർ ശാന്തിഗ്രാം പാലത്തിലൂടെ യുള്ള ഗതാഗതം നിരോധിച്ചത്.
തുടർന്ന് എം. എം. മണി എം എൽ എ യുടെയും ജനപ്രതിനിധികളുടെയും ഇടപെടലിലൂടെ പിഡബ്ലുഡി ബ്രിഡ്ജസ് വിഭാഗം ഫണ്ട് അനുവദിച്ച് നിർമാണം ആരംഭിച്ചെങ്കിലും മഴ മൂലം ഇടയ്ക്ക് പണി മുടങ്ങി . ഇപ്പോൾ മഴ മാറിയെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് വേഗതയില്ലെന്നാണ് ആക്ഷേപം.
ഫൗണ്ടേഷൻ കോൺക്രീറ്റിംഗ് ഒരു ഘട്ടം കഴിഞ്ഞു. പാലത്തിന്റെ കൈവരി നിർമാണം നടന്നുവരുന്നു. എന്നാൽ, രണ്ടോ മൂന്നോ തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി പണി നടത്തുന്നതാണ് നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്നും കരാറുകാരൻ ആവശ്യത്തിന് തൊഴിലാളികളെ എത്തിച്ച് നിർമാണം വേഗത്തിലാക്കണമെന്നും പിഡബ്ല്യു ഡി അധികൃതർ പരിശോധന നടത്തണമെന്നുമാണ് ആവശ്യം.
ഒരാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തീകരിച്ച് വാഹനങ്ങൾ കടത്തിവിട്ടില്ലെങ്കിൽ ഇരട്ടയാറിൽ ഏകദിന ഉപവാസവും ടൗണിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധസമരവും നടത്തുമെന്ന് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തുംമുറി അറിയിച്ചു.