കായികമേഖലയിൽ കുട്ടികൾ സജീവമാകണം: പി.ജെ. ജോസഫ്
1481845
Monday, November 25, 2024 3:48 AM IST
തൊടുപുഴ: വിദ്യാർഥികളുടെ ബൗദ്ധിക, ശാരീരിക, മാനസിക ആരോഗ്യ സംരക്ഷണത്തിന് കായികമേഖലയ്ക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് പി.ജെ. ജോസഫ് എംഎൽഎ. ജില്ലാ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രദർശന മത്സരത്തിൽ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപുമായി പഞ്ചഗുസ്തി പിടിച്ചാണ് മൽസരം ഉദ്ഘാടനം ചെയ്തത്. ഇടുക്കിയിൽ പോലീസിന്റെ പഞ്ചഗുസ്തി ടീമിനെ പരിശീലിപ്പിക്കാൻ മുൻകൈയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജേക്കബ് പിണക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കോക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ഏലൂർ, ഭാരവാഹികളായ സെബാസ്റ്റ്യൻ കെ. മാത്യു, ജിൻസി ജോസ്, സ്പോർട്സ് കൗണ്‍സിൽ നിരീക്ഷകൻ ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ആറോളം ദേശീയ റഫറിമാർ മത്സരത്തിന് നേതൃത്വം നൽകി. ഡീൻ കുര്യാക്കോസ് എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാർ കൗണ്‍സിൽ ചെയർമാൻ അഡ്വ. ജോസഫ് ജോണ്‍ മുഖ്യാതിഥിയായിരുന്നു. അംഗ പരിമിത വിഭാഗത്തിലെ മുതിർന്ന താരം വി.ഡി. സേവ്യർ, ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. റോണി, സെക്രട്ടറി സൈജൻ സ്റ്റീഫൻ, മാധ്യമ പ്രവർത്തകൻ സാബു നെയ്യശേരി എന്നിവരെ യോഗത്തിൽ ആദരിച്ചു.