വനംവകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുന്നെന്ന് സിപിഎം
1481829
Monday, November 25, 2024 3:24 AM IST
മൂന്നാർ: സമാന്തര സർക്കാരായി മാറുന്ന വനം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സീ പ്ലെയിൻ പദ്ധതി അട്ടിമറിക്കുന്നതിന് ശ്രമിക്കുന്ന വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവികുളം വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കി ജില്ലയിലെയും പ്രത്യേകിച്ച് മൂന്നാറിലെയും ടൂറിസം സാധ്യതകളെ അട്ടിമറിക്കുന്ന സമീപനമാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് സ്വന്തം നാട്ടിൽത്തന്നെ ജോലിസാധ്യത കണ്ടെത്തുന്നതിന് ടൂറിസം മേഖലയ്ക്ക് കഴിയും. ഇതിനായി നിരവധി സംരംഭങ്ങളാണ് ടൂറിസം മേഖലയിൽ സർക്കാർ രൂപം നൽകിയിട്ടുള്ളത്.
ശാസ്ത്രീയമായ പഠനം നടത്താതെയാണ് വനം വകുപ്പ് സീ പ്ലെയിൻ പദ്ധതിക്ക് തടസം നിൽക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളേക്കാൾ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ടൂറിസം വകുപ്പ് സീ പ്ലെയിൻ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ടൂറിസം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായുള്ള ഇടപെടലാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സി.വി. വർഗീസ് ആരോപിച്ചു.
വനം വകുപ്പിന്റെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന് ഡിവൈഎഫ്ഐ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് അധ്യക്ഷനായി.
സെക്രട്ടറി രമേഷ് കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി തേജസ് കെ. ജോസ്, മൂന്നാർ ബ്ലോക്ക് സെക്രട്ടറി കെ.വി. സന്പത്ത്, സംസ്ഥാന കമ്മിറ്റിയംഗം ബി. അനൂപ്, സിപിഎം മുന്നാർ ഏരിയ സെക്രട്ടറി കെ. കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.