ഓട്ടോ സ്റ്റാൻഡായി ഇടുക്കി മെഡിക്കൽ കോളജാശുപത്രി മുറ്റം
1481836
Monday, November 25, 2024 3:35 AM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജാശുപത്രിയുടെ പ്രധാന ബ്ലോക്കിന്റെ മുറ്റം ഓട്ടോറിക്ഷ സ്റ്റാൻഡാക്കി മാറ്റിയതായി പരാതി. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ഓട്ടോറിക്ഷ നിർത്തിയിട്ട് ആളുകളെ കയറ്റി സവാരി പോകുന്നതായാണ് പരാതി. ഇവിടെ നിരവധി ഓട്ടോറിക്ഷകളാണ് യാത്രക്കാർക്കായി ഊഴം കാത്ത് പാർക്ക് ചെയ്യുന്നത്.
ആശുപത്രി കെട്ടിടത്തോട് ചേർന്ന് ഒരു നിരയിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിന് മുന്നിലും ആശുപത്രി റോഡിലേക്ക് തിരിയുന്ന മുറ്റത്തുമായാണ് ഓട്ടോറിക്ഷകൾ യാത്രക്കാരെ കാത്തുകിടക്കുന്നത്.
റോഡിൽനിന്ന് ആശുപത്രി മുറ്റത്തേക്ക് കയറ്റംകയറി വരുന്ന വാഹനങ്ങൾക്കു മുറ്റത്തുകൂടി അത്യാഹിത വിഭാഗത്തിലേക്ക് പോകാൻ ഓട്ടോറിക്ഷകൾ തടസമുണ്ടാക്കുന്നതായി രോഗികളുമായെത്തുന്നവർ പറയുന്നു. പലപ്പോഴും ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ തടസം നേരിടുന്നതായി ആശുപത്രി ജീവനക്കാർ പറയുന്നു.
അത്യാഹിത വിഭാഗത്തിന് അപ്പുറത്ത് ഡോക്ടർമാരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ രോഗികളുമായി വരുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും തിരികെപോകാനും റഫർ ചെയ്യുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാനുമെല്ലാം ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾ അത്യാഹിത വിഭാഗത്തിൽനിന്നും പിന്നോട്ട് ഓടിക്കേണ്ടതായി വരുന്നുണ്ട്.
ഇവിടെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് വലിയ മാർഗതടസം സൃഷ്ടിക്കുന്നതായാണ് പരാതി. ആശുപത്രിയിലെത്തി മടങ്ങുന്നവർക്ക് അത്യാഹിത വിഭാഗത്തിനുമുന്നിൽനിന്നുതന്നെ ഓട്ടോറിക്ഷയിൽ കയറി പോകാമെന്നത് ആശ്വാസകരമാണെങ്കിലും രോഗികളുമായെത്തുന്ന വാഹനങ്ങൾക്ക് വലിയ ദുരിതമാണ് ആശുപത്രി അങ്കണത്തിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് ഉണ്ടാക്കുന്നത്.
ആശുപത്രിക്കു താഴെ റോഡരുകിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ആശുപത്രി ജീവനക്കാരും നാട്ടുകാരും പറയുന്നത്. ആശുപത്രി അങ്കണത്തിൽ ഒരു സമയം ഒരു ഓട്ടോറിക്ഷ മാത്രം യാത്രക്കാരെ കാത്തുകിടക്കുന്ന രീതിയിൽ ക്രമീകരിച്ചാലും പ്രശ്നം പരിഹരിക്കാനാവും.
ആശുപത്രി അധികൃതരും ജില്ലാ ഭരണകൂടവും ആശുപത്രി വികസന സമിതിയും ഓട്ടോറിക്ഷ തൊഴിലാളികളുമായി ചർച്ച ചെയ്ത് ആവശ്യമായ ക്രമീകരണമൊരുക്കണമെന്നാണ് ആളുകളും ജീവനക്കാരും ആവശ്യപ്പെടുന്നത്.