കേന്ദ്രം കേരളത്തോട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു: ജനാധിപത്യ കേരള കോൺഗ്രസ്
1481835
Monday, November 25, 2024 3:35 AM IST
ചെറുതോണി: അഞ്ഞൂറോളം കുടുംബങ്ങളെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കി ഒരു നാടിനെത്തന്നെ ഉന്മൂലനം ചെയ്ത വയനാട് പ്രകൃതി ദുരന്തത്തിൽ യാതൊരു ആനുകൂല്യങ്ങളും അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നിലപാടുകൾ കേരളത്തോടുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിൻ.
വയനാടിനു കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ ധർണയും സമരപരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എത്ര ശ്രമിച്ചിട്ടും അധികാരം പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ രാഷ്ട്രീയ വിരോധമാണ് കേരള ജനതയോട് കേന്ദ്രം ഭരിക്കുന്ന ബിജെപി വച്ചുപുലർത്തുന്നതെന്ന് ജോർജ് അഗസ്റ്റിൻ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് സിബി മൂലേപറമ്പിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. മിഥുൻ സാഗർ, ജോസ് ഞായർകുളം, ടി.എസ്. ഇസഹാക്ക്, ജോർജ് കണ്ണമ്പുഴ, തുടങ്ങിയവർ പ്രസംഗിച്ചു.