കാടുകയറി ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിംഗ് സെന്റർ
1481837
Monday, November 25, 2024 3:35 AM IST
കട്ടപ്പന: ഇന്ത്യ പോപ്പുലേഷൻ പ്രോജക്ടിന്റെ ഭാഗമായി വണ്ടൻമേട്ടിൽ നിർമിച്ച കെട്ടിടം നാശത്തിന്റെ വക്കിൽ. 34 വർഷം മുമ്പാണ് ഇവിടെ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിംഗ് സെന്റർ ആരംഭിച്ചത്. എന്നാൽ, ഒരു വർഷം മാത്രമാണ് ഇതു പ്രവർത്തിച്ചത്.
ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതോടെ കെട്ടിടം ജില്ലാ ടിബി സെന്ററാക്കി. നാലു ഡോക്ടർമാരെയും ആവശ്യമായ മറ്റ് ജീവനക്കാരെയും നിയമിച്ച് നല്ല രീതിയിലാണ് സെന്റർ പ്രവർത്തിച്ചു വന്നിരുന്നത്.
ഏതാനും വർഷങ്ങൾക്ക് ശേഷം സെന്റർ പൈനാവിലേക്ക് മാറ്റി. ഇതിൽ പ്രതിഷേധിച്ച് അന്നത്തെ ഉടുന്പൻചോല എംഎൽഎ കെ.കെ. ജയചന്ദ്രന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, രാത്രിയുടെ മറവിൽ ഫർണിച്ചറുകളടക്കമുള്ള സാധനങ്ങൾ ആരോഗ്യവകുപ്പ് നീക്കം ചെയ്യുകയായിരുന്നു. 2014-15ൽ 35 ലക്ഷം രൂപ മുടക്കി കെട്ടിടം അറ്റകുറ്റപ്പണി നടത്തി. വീണ്ടും കെട്ടിടം ശോച്യാവസ്ഥയിലായിരിക്കുകയാണ്.
ഇപ്പോൾ വണ്ടൻമേട് ജനകീയ ആരോഗ്യകേന്ദ്രം ഇവിടെയാണ് പ്രവർത്തിക്കുന്നത്. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.ആരോഗ്യ വകുപ്പിന്റെ അനാസ്ഥ നീക്കി കോടികൾ മുടക്കിയ കെട്ടിടം ഉപയോഗപ്രഥമാക്കണമെന്നാണ് ആവശ്യമുയരുന്നത്.