കഞ്ചാവ് കടത്തിയ കേസിൽ യുവതിക്ക് കഠിനതടവും പിഴയും
1481521
Sunday, November 24, 2024 3:42 AM IST
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ യുവതിക്ക് മൂന്നു വർഷം കഠിനതടവും പിഴയും ശിക്ഷ. കോട്ടയം കൂരോപ്പട കോത്തലയിൽ ചൊറിക്കാവുങ്കൽ ജോമിനി തോമസി (42) നെയാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷിച്ചത്.
മൂന്നു വർഷം കഠിനതടവിനും 25,000 രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവുമാണ് വിധിച്ചത്.
2018 ഏപ്രിൽ ഒന്നിന് ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നാണ് രണ്ടു കിലോ കഞ്ചാവുമായി യുവതിയെ കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ വി.ആർ.സജികുമാറും സംഘവും ചേർന്ന് പിടികൂടിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച്. നുറുദീൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.