മ്ലാവ് കുറുകെ ചാടി ഓട്ടോറിക്ഷ യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്കേറ്റു, മറ്റൊരു ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞും അപകടം
1481822
Monday, November 25, 2024 3:24 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ഓട്ടോറിക്ഷ അപകടങ്ങളിൽ മൂന്നു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.30ന് വണ്ടിപ്പെരിയാറിൽനിന്നു കറുപ്പ് പാലം എച്ച്പിസി പോകുകയായിരുന്ന ഓട്ടോറിക്ഷ കറുപ്പ് പാലത്തിന് സമീപം എത്തിയപ്പോൾ തേയിലക്കാട്ടിൽനിന്ന് മ്ലാവ് ഓട്ടോയ്ക്കു കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് ഒരു അപകടം ഉണ്ടായത്.
ഇതിൽ ഓട്ടോറിക്ഷ ഡ്രൈവർ എച്ച്പിസി സ്വദേശി മാരിമുത്ത് (42), മൂലക്കയും സ്വദേശി കലൈവാണി (30)എന്നിവർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ ഭാഗത്ത് മ്ലാവ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയും ഡ്രൈവർ വാഹനത്തിൽനിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു.
ഈ ഭാഗത്ത് മ്ലാവ് കുറുകെ ചാടി ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇത്. രാത്രി 11ന് വണ്ടിപ്പെരിയാറിൽനിന്നു ചുരക്കുളം എസ്റ്റേറ്റിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ലോറി സ്റ്റാൻഡിനു സമീപം നിയന്ത്രണം വിട്ട് റോഡിൽതന്നെ തലകീഴായി മറിഞ്ഞു.
ഓട്ടോ ഡ്രൈവർ ചുരക്കുളം സ്വദേശി ബൈജുവി(36)ന് തലയ്ക്ക് പരിക്കേറ്റു. ഇയാളെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.