അനുമതി ലഭിച്ചില്ല; കിടാരി പാർക്ക് പദ്ധതി മിൽമ ഉപേക്ഷിച്ചു
1481841
Monday, November 25, 2024 3:48 AM IST
തൊടുപുഴ: സംസ്ഥാനത്തെ പശുക്ഷാമം പരിഹരിക്കുന്നതിനും ഉത്പാദനക്ഷമത കൂടിയവയെ കർഷകർക്കു ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിക്കാനിരുന്ന കിടാരിപാർക്ക് പദ്ധതി മിൽമ ഉപേക്ഷിച്ചു.
മിൽമ എറണാകുളം മേഖലാ യൂണിയന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രോജക്ട് തയാറാക്കിയിരുന്നെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതാണ് മിൽമ പദ്ധതിയിൽനിന്നു പിൻമാറാൻ കാരണം. നേരത്തെ മിൽമ എറണാകുളം യൂണിയൻ ബജറ്റിൽ എട്ടുലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു.
കട്ടപ്പനയിലുള്ള മിൽമ ഡയറിയുടെ മൂന്നേക്കർ സ്ഥലത്ത് പാർക്ക് ആരംഭിക്കാനായിരുന്നു തീരുമാനം. അന്യസംസ്ഥാനങ്ങളിൽനിന്നു ഗുണമേൻമയുള്ള കിടാരികളെ കൊണ്ടുവന്ന് പരിപാലിച്ച് അവയെ കുത്തിവയ്ക്കാൻ പ്രായമാകുന്പോൾ മിൽമയുടെ പ്രാഥമിക ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഇവയെ കൈമാറുകയായിരുന്നു ലക്ഷ്യം.
ആദ്യഘട്ടത്തിൽ 100 കിടാരികളെയാണ് ഉദ്ദേശിച്ചിരുന്നത്. വിജയമെന്നുകണ്ടാൽ പാർക്ക് വിപുലീകരിക്കാനും തീരുമാനിച്ചിരുന്നു. കിടാരി പാർക്കിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഇവിടെയുണ്ടായിരുന്നു. പദ്ധതിക്കെതിരേ സർക്കാർ മുഖം തിരിച്ചത് ക്ഷീരകർഷകർക്ക് തിരിച്ചടിയായി.