ഡ്രൈ ഡേയിൽ മദ്യവില്പന: 16 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
1572273
Wednesday, July 2, 2025 7:17 AM IST
കോട്ടയം: ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയാൾ പിടിയിൽ. മറിയപ്പള്ളി സ്വദേശി ടി.കെ. മനോജിനെ (43)യാണ് മദ്യവിൽക്കുന്നതിനിടെയിൽ 16 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടിയത്. മറിയപ്പള്ളി മുട്ടം ഭാഗത്ത് സാമൂഹികവിരുദ്ധ ശല്യവും ലഹരി ഉപയോഗവും ഏറുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് എക്സൈസ് നടപടി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദ് രാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഡ്രൈ ഡേ ദിനത്തിൽ മദ്യവുമായി ഇയാൾ കറങ്ങിനടന്ന് വിൽപ്പന നടത്തവേ മഫ്തിയിൽ എത്തിയ എക്സൈസ് സംഘത്തെ കണ്ട് മദ്യം കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.