ശാസ്ത്രജാലകം തുറന്ന് സയന്‍സ് സെന്റര്‍
1572037
Wednesday, July 2, 2025 12:04 AM IST
സ്വന്തം ലേഖകന്‍
കുറവിലങ്ങാട്: വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ശാസ്ത്രത്തിന്റെ കൗതുകലോകം തുറക്കുന്ന സയന്‍സ് സെന്റര്‍ നാളെ യാഥാര്‍ഥ്യത്തിലേക്ക്.
കുറവിലങ്ങാട് പഞ്ചായത്തിലെ കോഴായില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ് സയന്‍സ് സിറ്റിയുടെ നിര്‍മാണം. ശാസ്ത്ര ഗാലറികള്‍, ത്രിമാന പ്രദര്‍ശന തിയറ്റര്‍, ശാസ്ത്ര പാര്‍ക്ക്, സെമിനാര്‍ ഹാള്‍, ഇന്നോവേഷന്‍ ഹബ് എന്നിവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്ററാണ് ഇതിലെ പ്രധാനഭാഗം. പ്ലാനറ്റേറിയം, മോഷന്‍ സിമുലേറ്റര്‍, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തിയറ്ററുകള്‍, സംഗീത ജലധാര, പ്രകാശ-ശബ്ദ സംയുക്ത പ്രദര്‍ശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങള്‍ എന്നിവയും സയന്‍സ് സിറ്റിയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
പദ്ധതി പ്രദേശത്ത് 47,147 അടി വിസ്തൃതിയിലുള്ള സയന്‍സ് സെന്റര്‍ കെട്ടിടത്തില്‍ ഫണ്‍ സയന്‍സ്, മറൈന്‍ ലൈഫ് ആന്‍ഡ് സയന്‍സ്, എമര്‍ജിംഗ് ടെക്നോളജി എന്നീ ശാസ്ത്ര ഗാലറികളും ത്രിമാന തിയറ്റര്‍, ടെമ്പററി എക്സിബിഷന് ഏരിയ, ആക്റ്റിവിറ്റി സെന്റര്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സയന്‍സ് സെന്ററിന് ചുറ്റുമായി സയന്‍സ് പാര്‍ക്ക്, ദിനോസര്‍ എന്‍ക്ലേവ്, വാനനിരീക്ഷണത്തിനു വേണ്ട ടെലിസ്കോപ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഫണ്‍ സയന്‍സ് ഗാലറി
ശാസ്ത്രതത്വങ്ങളും അതിന്റെ പ്രായോഗിക വശങ്ങളും പ്രതിപാദിക്കുന്ന ഫണ്‍ സയന്‍സ് ഗാലറി ശാസ്ത്രതത്പരരെ ഏറെ ആകര്‍ഷിക്കും. ഇവിടെ അമ്പതോളം ഇനങ്ങള്‍ വിവിധ ശാസ്ത്ര ശാഖയുടെ കീഴില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോ മാഗ്നറ്റിക് തിയറിയെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനങ്ങള്‍, സൗണ്ട് ഓഫ് മ്യൂസിക്, ബ്രെയിന്‍ ഗെയിംസ്, ഗണിതമാതൃകകള്‍ എന്നീ വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.
എമര്‍ജിംഗ് ടെക്നോളജി
മാറിയ കാലത്തിന്റെ ശാസ്ത്രപുരോഗതി വ്യക്തമാക്കുന്ന കാര്യങ്ങളാണിവിടെ കാണാനാകുന്നത്. ഈ വിഭാഗത്തില്‍ കാര്‍ഷിക വിഭാഗം, ആരോഗ്യ വിഭാഗം, മെറ്റീരിയല്‍ സയന്‍സ് വിഭാഗം, ഊര്‍ജ്ജം, വിവര സാങ്കേതിക വിദ്യ, കമ്യൂണിക്കേഷന്‍, സ്പെയ്സ് സയന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.
മറൈന്‍ സയന്‍സ്
ഈ വിഭാഗത്തില്‍ കടലിനടിയിലെ കാഴ്ചകളാണ് ആളുകളെ ആകര്‍ഷിക്കുന്നത്. വിവിധയിനം കടല്‍സസ്യങ്ങള്‍, അവയുടെ സമുദ്രാന്തര്‍ഭാഗത്തെ വിന്യാസം, കടല്‍ ജീവികളുടെ മാതൃകകളും ചിത്രങ്ങളും, ഓരോ ജീവികളും കാണപ്പെടുന്ന ആഴങ്ങളുടെ അടയാളപ്പെടുത്തല്‍ എന്നിവയെല്ലാം ഇവിടെ കാണാം. അമ്പതോളം പ്രദര്‍ശന വസ്തുക്കളാണുള്ളത്.
ത്രീ ഡി തിയറ്റര്‍
ത്രീ ഡി തിയറ്ററാണ് മറ്റൊരു ആകര്‍ഷണം. സമുദ്രാന്തര്‍ഭാഗത്തെ കാഴ്ചകളും ആകാശകാഴ്ചകളും ത്രിമാന വീഡിയോ പ്രദര്‍ശനത്തിലൂടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പഴയകാല മനുഷ്യര്‍ എങ്ങനെ ജീവിച്ചെന്നും പതിയെപതിയെയുണ്ടായ പരിവര്‍ത്തനങ്ങളും ത്രീ ഡി ദൃശ്യാനുഭവത്തില്‍ കണ്ടു മനസിലാക്കാം. 20 മിനിട്ട് നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ രണ്ട് വീഡിയോകളാണുള്ളത്.
സയന്‍സ് പാര്‍ക്ക്
ഇവിടെ 32 കാഴ്ചകളുണ്ട്. ഫിസിക്സ് പ്രവര്‍ത്തന തത്വം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഉപകാരണങ്ങളാണേറെയും.
ആക്ടിവിറ്റി സെന്റര്‍
കുട്ടികള്‍ക്കു പരീക്ഷണങ്ങള്‍ നടത്താനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. അതിനുവേണ്ട സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.
ടെമ്പററി എക്സിബിഷന് ഹാള്‍
ഇവിടെ സ്റ്റില്‍ മോഡലുകളുടെ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ശാസ്ത്രതത്വങ്ങളുടെ തിയറികളും പ്രസന്റേഷനും ഉണ്ട്.
പ്രധാന ആകര്ഷണങ്ങള്
കാണുന്നതെല്ലാം വിശ്വസിക്കാമോ? ശാസ്ത്രം പറയുന്നത് വിശ്വസിക്കുന്നതിനു പകരം പിന്നിലുള്ള ശാസ്ത്ര രഹസ്യങ്ങള്‍ മനസിലാക്കണമെന്നാണ്. ഇത് കൃത്യമായി മനസിലാക്കിത്തരുന്നവയാണ് സയന്‍സ് സെന്ററിലെ സ്പിന്നിംഗ് ഇറേസര്‍, മാജിക് വാട്ടര്‍ ടാപ്, ഇല്യൂഷന്‍ വിത്ത് റിംഗ്സ്, സ്കാനിമേഷന്‍ തുടങ്ങിയവ. കാഴ്ച തലച്ചോറിനെ എങ്ങനെ തെറ്റിധരിപ്പിക്കുന്നെന്ന് തിരിച്ചറിയുന്നത് ഫണ്‍ മിറര്‍, കര്‍വിംഗ് ടണല്‍, ഫ്രോസണ്‍ ഷാഡോ, കളര്‍ ഷാഡോ തുടങ്ങിയവ കാണുമ്പോഴാണ്.