കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നെന്ന് വെല്‍ഫെയര്‍ അസോസിയേഷന്
1571849
Tuesday, July 1, 2025 3:19 AM IST
ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെന്ന് ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ചങ്ങനാശേരി മേഖലാ സമ്മേളനം അഭിപ്രായപ്പെട്ടു.
2011ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ശമ്പള പരിഷ്കരണത്തോടൊപ്പം വന്ന പെന്ഷന് പരിഷ്കരണത്തിനുശേഷം ഈ രംഗത്ത് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. 2022ല്‍ ശമ്പളം പരിഷ്കരിച്ചപ്പോള്‍ പെന്ഷന് പരിഷ്കരണം നടത്തിയില്ലെന്നും 2021നു ശേഷം ക്ഷാമാശ്വാസവും ആറുവര്‍ഷമായി ഉത്സവബത്തയും ലഭിക്കുന്നില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി.കെ. സതീശന് നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. രാജേന്ദ്രന് ആമുഖ പ്രസംഗവും വര്‍ക്കിംഗ് പ്രസിഡന്റ് ജോസ് വേങ്ങല്‍ അംഗത്വ വിതരണവും നടത്തി. പി.വി. ചാക്കോ അംഗത്വം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, തോമസ് അക്കര, പി.എച്ച് അഷറഫ്, ജോബ് വിരുത്തിക്കരി, ബെന്നി ജോസഫ്, എ.വി ഫ്രാന്‍സിസ്, ഡിപിന് ദിനേശ്, ജെബി ജോര്‍ജ്, റോയി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.